കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ആരാധനക്രമ തര്‍ക്കം പുതിയ തലത്തിലേക്ക്. അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച്ബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെ സര്‍ക്കുലര്‍ കഴിഞ്ഞ ഞായറാഴ്ച വായിക്കാന്‍ തയ്യാറാകാതിരിക്കുകയും സിനഡ് കുര്‍ബാന അംഗീകരിക്കില്ലെന്ന് കര്‍ശന നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന വൈദികരില്‍ പ്രമുഖരെ അച്ചടക്ക നടപടിക്ക് വിധേരാക്കാന്‍ നീക്കം. മാര്‍ താഴത്ത് തന്നെ പുറത്തുവിട്ട വീഡിയോയിലാണ് ഈ സൂചന നല്‍കുന്നത്. റോമില്‍ മാര്‍പാപ്പയെ കണ്ട് പുറത്തിറങ്ങിയ ശേഷമാണ് വീഡിയോ ചെയ്യുന്നതെന്നും മാര്‍ താഴത്ത് പറയുന്നു. സഭയിലെ പ്രശ്നങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളോടുമുളള അസഹിഷ്ണുതയും അദ്ദേഹം വീഡിയോയില്‍ മറച്ചുവയ്ക്കുന്നില്ല. മാര്‍ കരിയില്‍ മാര്‍പാപ്പയെ കണ്ടശേഷം അതിരൂപതയ്ക്ക് ജനാഭിമുഖ കുര്‍ബാന തുടരാന്‍ ഒഴിവ് ലഭിച്ചുവെന്ന് പറഞ്ഞത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.

അതിരുപതയിലെ വിവരങ്ങള്‍ അറിയിക്കാനാണ് താന്‍ വന്നതെന്ന് പറഞ്ഞയുടനെ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ, അവിടുത്തെ വിവരങ്ങള്‍ കൃത്യമായി അറിയാമെന്ന രീതിയിലാണ് പ്രതികരിച്ചത്. ‘എനിക്കറിയാം, അവരോട് അനുസരിക്കാന്‍ പറയുക, എറണാകുളംകാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അര്‍പ്പിച്ച പോലെ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നാണ് പറഞ്ഞപ്പോള്‍ മാര്‍പാപ്പ വീണ്ടും ആവര്‍ത്തിച്ചു, അവരോട് സിനഡിനെ അനുസരിക്കാന്‍ പറയുക. നിങ്ങള്‍ സീറോ മലബാര്‍ രീതിയിലാണ് കുര്‍ബാന അര്‍പ്പിക്കേണ്ടത്. -വളരെ കുറച്ചു വാക്കുകള്‍ മാത്രമേ മാര്‍പാപ്പ പറഞ്ഞുള്ളു. പക്ഷേ, വാക്കുകള്‍ വളരെ ശക്തമായിരുന്നുവെന്നും മാര്‍ താഴത്ത് പറയുന്നു.

വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റിനെ കണ്ട് പറയാനും നിര്‍ദേശിച്ചു. പൗരസ്ത്യ കാര്യാലയത്തിലെ പ്രീഫക്ടറും മറ്റ് വ്യക്തികളുമായി താന്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി. എറണാകുളത്ത് നിന്ന് പല തരത്തിലുള്ള കത്തുകളും നിവേദനങ്ങളും റിപ്പോര്‍ട്ടുകളും വീഡിയോകളും മറ്റും പരിശുദ്ധ സിഹാസനം പഠിക്കുകയും വിലയിരുത്തുകയും ചെയ്തതായി അവരില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി. അതിന്റെയൊക്കെ വെളിച്ചത്തിലാണ് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

2021 നവംബര്‍ 25ന് കരിയില്‍ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടപ്പോള്‍ എറണാകുളം അങ്കമാലി അതിരുപതയ്ക്ക് പൂര്‍ണ്ണമായ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാന്‍ പ്രത്യേക അനുവാദം മാര്‍പാപ്പ നല്‍കിയെന്ന തെറ്റായ പ്രചാരണം മാര്‍പാപ്പയേയും പരിശുദ്ധ സിംഹാസനത്തേയും വേദനിപ്പിച്ചു. മാര്‍പാപ്പയെ അദ്ദേഹം സന്ദര്‍ശിച്ചപ്പോള്‍ ചില ടെക്നിക്കല്‍ കാര്യങ്ങളെ കുറിച്ച് സംശയം പ്രകടിപ്പിച്ചപ്പോള്‍ വിഷയം പൗരസ്ത്യ സഭകളുടെ കാര്യലയത്തിലെ പ്രീഫെക്ടിനെ കണ്ട് സംസാരിക്കാന്‍ മാത്രമാണ് മാര്‍പാപ്പ പറഞ്ഞത്. കരിയില്‍ പിതാവിന് മാര്‍പാപ്പയുമായി സ്വകാര്യ സംഭാഷണത്തിന് വഴിയൊരുക്കിയ ക്ലരീഷ്യന്‍ സന്യാസ സമൂഹത്തിന്റെ സൂപ്പീരിയര്‍ ജനറലിന് ഇക്കാര്യത്തില്‍ മാര്‍പാപ്പ സ്വന്തം കൈപ്പടയില്‍ എഴൂതിയ കത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ആ കത്ത് അദ്ദേഹം തന്നെ കാണിച്ചുവെന്നും മാര്‍ താഴത്ത് പറയുന്നു. ഈ സമയം വീഡിയോയില്‍ ഒരു കത്തും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി എല്ലാവരും അനുസരിക്കണമെന്നാണ് മാര്‍പാപ്പ ആവശ്യപ്പെടുന്നത്. ഞങ്ങള്‍ മാര്‍പാപ്പയോട് ഒപ്പമാണ്. മാര്‍പാപ്പ അര്‍പ്പിക്കുന്നപോലെയെ കുര്‍ബാന അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. എന്നു പറയുന്നതിന്റെ വൈരുദ്ധ്യം മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു. നിങ്ങള്‍ സീറോ മലബാര്‍ വിശ്വാസികളാണ്. ലത്തീന്‍ കത്തോലിക്കരല്ല. സീറോ മലബാര്‍ കത്തോലിക്കര്‍ സീറോ മലബാര്‍ സിനഡ് നിര്‍ദേശിക്കുന്ന രീതിയിലാണ് കുര്‍ബാന അര്‍പ്പിക്കേണ്ടത് എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ഞങ്ങള്‍ മാര്‍പാപ്പയോട് ഒപ്പമെന്ന് പറയുകയും മാര്‍പാപ്പയും പരിശുദ്ധ സിംഹാസനം പറയുന്നത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നത് വൈരുദ്ധ്യം അവര്‍ ചൂണ്ടിക്കാട്ടി. വൈദികരോട് തിരുപ്പട്ടത്തിന്റെ അവസരത്തില്‍ എടുത്ത പ്രതിജ്ഞ ഓര്‍ക്കണമെന്നും പ്രീഫെക്ട് അവരെ ഓര്‍മ്മിപ്പിക്കാന്‍ തന്നോട് പറഞ്ഞു. തക്സയില്‍ കാണുന്ന പോലെ ആരാധനക്രമത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഐക്യരൂപമുണ്ടാകണം. അതേസമയത്ത് സിനഡിന് നിര്‍ദേശിക്കുന്ന ചില ഒഴിവുകള്‍ ഉണ്ടല്ലോ എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.

ആരാധനക്രമ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിനഡ് ആണ്. അത് ജനാധിപത്യ ക്രമത്തിലുള്ള തീരുമാനമല്ലെന്ന് പറയാനും അവര്‍ ആവശ്യപ്പെട്ടു. എറണാകുളത്തെ ഭൂമി ഇടപാടുമായി ബന്ധപ്പെടുത്തി ആരാധനാക്രമ കാര്യങ്ങള്‍ തെറ്റിദ്ധരണാപരവും വൈകാരികവുമായി രീതി അവതരിപ്പിക്കുന്ന് ദുരുദ്ദേശപരമായി മാത്രമേ കാണാനാവു. ഭൂമി ഇടപാടുകളില്‍ വത്തിക്കാന്‍ കാര്യാലയം വ്യക്തമായ തീരുമാനം നല്‍കിയിട്ടുണ്ട്. 2022 ജൂലായ് 30ന് അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ആയി തന്നെ നിയമിക്കുമ്പോള്‍ സിനഡ് നിര്‍ദേശപ്രകാരമുള്ള കുര്‍ബാന നടപ്പാക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. 2022 െസപ്തംബര്‍ 22ലെ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സിനഡ് കുര്‍ബാന നടപ്പാക്കുന്നതില്‍ താന്‍ സര്‍ക്കുലര്‍ ഇറക്കിയത്. ചില പ്രത്യേക സാഹചര്യത്തില്‍ കുറച്ചുനാളത്തേക്ക് ഒഴിവു നല്‍കാമെന്നും താന്‍ എഴുതിയിരുന്നു. അങ്ങനെയൊരു സര്‍ക്കുലര്‍ എഴുതിയില്ലായിരുന്നുവെങ്കില്‍ താനും ചെയ്യുന്നത് അനുസരണക്കേടാകുമായിരുന്നു. സര്‍ക്കുലറിന്റെ ഇംഗ്ലീഷ് തര്‍ജ്ജന താന്‍ നല്‍കിയത് അവര്‍ പഠിച്ചു. ഇത് പ്രകാരം കുര്‍ബാന അര്‍പ്പിക്കാന്‍ പരിശുദ്ധ സിംഹാസനം അവിടുത്തെ ൈദവജനത്തോട് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ആരാധനാക്രമം അടക്കമുള്ള കാര്യങ്ങളില്‍ സഭാ ജീവിതത്തില്‍ അച്ചടക്കത്തിന്റെ ആവശ്യകതയെ കുറിച്ച് ഈ കാര്യലയങ്ങളിലെ പ്രീഫെക്ടറും മറ്റ് ഭാരവാഹികളും തന്നോട് ആവശ്യപ്പെട്ടു. ഔദ്യോഗിക പദവികളില്‍ ഇരിക്കുന്നവരുടെ ചില പ്രവര്‍ത്തികളും ഔദ്യോഗികമെന്ന് പറയുന്ന ചില മാധ്യമ വാര്‍ത്തകളും സഭയുടെ അധികാരികള്‍ക്കും ആചാരങ്ങള്‍ക്കും എതിരെ വിദ്വേഷവും വിരോധവും പകയും ഉളവാക്കുന്നതാണെന്ന് അവര്‍ വിലയിരുത്തിയിട്ടുണ്ട്.

അച്ചടക്ക നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അവര്‍ തന്നോട് ആവര്‍ത്തിച്ചു പറഞ്ഞു. സഭ ഇന്ന് വളരെ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാര്‍പാപ്പയോടും സിനഡ് പിതാക്കന്മാരോടും എറണാകുളത്തെ സഭാ നേതൃത്വത്തോടും ദൈവജനത്തോടും ചേര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ കൂട്ടായ്മയിലും സ്നേഹത്തിലും വര്‍ത്തിക്കാകന്‍ എല്ലാവരും സഹകരിക്കമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും മാര്‍ താഴത്ത് വീഡിയോയില്‍ പറയുന്നു.

അതേസമയം, ബുധനാഴ്ചകളില്‍ മാര്‍പാപ്പ നടത്തുന്ന പതിവ് കൂടിക്കാഴ്ചയ്ക്കിടെയാണ് മാര്‍ താഴത്ത് അദ്ദേഹത്തെ കണ്ടതെന്നും പതിനഞ്ചോ മുപ്പതോ സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള കൂടിക്കാഴ്ചയില്‍ എട്ടു മിനിട്ടുള്ള വീഡിയോയ്ക്കുള്ള ഇത്രയേറെ കാര്യങ്ങള്‍ പോപ്പ് ചര്‍ച്ച ചെയ്‌തോ എന്നുമാണ് ഒരു വിഭാഗം വിശ്വാസികള്‍ ചോദിക്കുന്നത്.