പേഴ്‌സണൽ കമ്പ്യൂട്ടർ വിപണിയിലെ മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ചിപ്പ് നിർമാണ കമ്പനിയായ ഇന്റൽ കോർപ് ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്താൻ ഒരുങ്ങുന്നു. ആയിരത്തിൽ അധികം ജീവനക്കാർക്ക് ജോലി നഷ്ടമാവുമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചതെന്നാണ് ബ്ലൂംബർഗ് പറയുന്നത്. ഈ മാസം തന്നെ പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.

പ്രധാന വിഭാഗങ്ങളായ സെയിൽസ്, മാർക്കറ്റിംഗ് എന്നിവ ഉൾപ്പെടെയുള്ള ഇന്റലിന്റെ ചില ഡിവിഷനുകളിൽ 20 ശതമാനം വരെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ പദ്ദതിയുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. നിലവിൽ ഇന്റലിന് കീഴിൽ 1,13,700 ജീവനക്കാരാണ് ഉള്ളത്. അതേസമയം, വാർത്തയുമായി ബന്ധപ്പെട്ട് മറ്റ് പ്രതികരണങ്ങൾക്ക് ഇന്റൽ തയ്യാറായിട്ടില്ല.

പേഴ്‌സണൽ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ളവയുടെ വിൽപന കുറഞ്ഞതോടെയാണ് ഇന്റൽ പുതിയ നടപടി സ്വീകരിക്കാൻ നിർബന്ധിതരായത്. കോവിഡ് വ്യാപനം മാറി ഓഫിസുകളും സ്‌കൂളുകളും തുറന്നതോടെ പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ ഡിമാൻഡ് താഴ്ന്നിരുന്നു. ഇതാണ് ഇന്റലിന് തിരിച്ചടിയായത്. തുടർന്ന് രണ്ടാം പാദ ഫലങ്ങളിലെ ഇടിവിനെ തുടർന്ന് കമ്പനി ജൂലൈയിൽ വാർഷിക വിൽപ്പനയും ലാഭ പ്രവചനങ്ങളും വെട്ടിക്കുറച്ചിരുന്നു.