ആഗോള തലത്തിൽ വർദ്ധിച്ചുവരുന്ന മാന്ദ്യ ഭീഷണിയും, ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതും എണ്ണ ആവശ്യകതയെ പ്രതികൂലമായി ബാധിച്ചതോടെ ബുധനാഴ്ച തുടർച്ചയായ മൂന്നാം സെഷനിലും എണ്ണ വിലയിൽ ഇടിവ്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 51 സെൻറ് അഥവാ 0.5 ശതമാനം കുറഞ്ഞ് ബാരലിന് 93.78 ഡോളറായി. 

യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില ബാരലിന് 69 സെൻറ് അഥവാ 0.8 ശതമാനം കുറഞ്ഞ് 88.66 ഡോളറുമായി. കഴിഞ്ഞ സെഷനിൽ രണ്ട് ബെഞ്ച്മാർക്കുകളും ആകെ 2 ശതമാനത്തോളമാണ് ഇടിഞ്ഞത്. അതേസമയം, അന്താരാഷ്ട്ര നാണയ നിധി ചൊവ്വാഴ്ച 2023ലെ ആഗോള വളർച്ചാ പ്രവചനം വെട്ടിക്കുറയ്ക്കുകയും ആഗോള മാന്ദ്യത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 

ഇതിന് പുറമെ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതും എണ്ണ വിപണിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഷാങ്ഹായ്, ഷെൻ‌ഷെൻ എന്നിവയുൾപ്പെടെയുള്ള വലിയ ചൈനീസ് നഗരങ്ങൾ കോവിഡ് പരിശോധന വേഗത്തിലാക്കുകയും നിയന്ത്രണങ്ങൾ കർശനമാക്കുന്നതും എണ്ണ ആവശ്യകതയെ പിന്നോട്ട് വലിക്കുന്നുണ്ട്. ഇതും എണ്ണ വിലയിലെ തുടർച്ചയായ ഇടിവുകൾക്ക് കാരണമായിട്ടുണ്ട്.