ന്യൂഡല്‍ഹി: കര്‍ണാടക ഹിജാബ് നിരോധന കേസില്‍ സുപ്രീം കോടതിയില്‍ ഭിന്നവിധി. കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം റദ്ദാക്കാന്‍ വിസമ്മതിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധി പ്രസ്താവിച്ചത്. വിഷയം ഇപ്പോള്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) യു യു ലളിതിന് കൈമാറി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തിലാണ് സുപ്രീംകോടതി വാദം കേട്ടത്. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും സുധാന്‍ഷു ധൂലിയുമാണ് കേസില്‍ വിധി പറഞ്ഞത്. 

കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത തള്ളുകയും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെക്കുകയും ചെയ്തു. അതേസമയം ‘ഹിജാബ് ധരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ വിഷയമായി കാണാം’ എന്നാണ് ജസ്റ്റിസ് ധൂലിയ നിരീക്ഷിച്ചത്. സ്‌കൂള്‍ യൂണിഫോം നിര്‍ദേശിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള സംസാരത്തിനും അഭിപ്രായപ്രകടനത്തിനും ഉള്ള അവകാശത്തെയോ സ്വകാര്യതയ്ക്കുള്ള അവകാശത്തെയോ ലംഘിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തിയിരുന്നു. 
വിഷയം വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്.

മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ പരിധിയും വ്യാപ്തിയും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിരീക്ഷിച്ചപ്പോള്‍, ഹിജാബ് ധരിക്കുന്നത് തിരഞ്ഞെടുപ്പിന്റെ കാര്യമാണെന്ന് ജസ്റ്റിസ് ഹിമാന്‍ഷു ധൂലിയ പറഞ്ഞു. കര്‍ണാടക ഹൈക്കോടതി വിധി തള്ളിയ ജസ്റ്റിസ് സുധാന്‍ശു ധൂലിയ അപ്പീലുകള്‍ ശരി വച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ധൂലിയ, ഹൈക്കോടതി വിധി റദ്ദാക്കി. അനുപേക്ഷണീയമായ മതാചാരമാണോ എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു. അതേസമയം ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹൈക്കോടതി വിധി ശരി വയ്ക്കുകയായിരുന്നു.