വാഷിംഗ്ടണ്‍: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അമേരിക്കന്‍ സഹമന്ത്രിയും ട്രഷറി സെക്രട്ടറിയുമായ ജാനറ്റ് യെല്ലനെയുമായി കൂടിക്കാഴ്ച നടത്തി. ആഗോള സമ്പത്ത് വ്യവസ്ഥയെക്കുറിച്ചും ഇന്ത്യയുടെ ജി 20 പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ലോകത്തെ ആഗോള സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ഇന്ത്യ-യുഎസ് പങ്കാളിത്തം നിര്‍ണായകമാണെന്നും സമീപകാലത്ത് ആഗോള ആഘാതങ്ങള്‍ മൂലം നേരിടേണ്ടി വന്ന ഭക്ഷ്യ-ഊര്‍ജ്ജ പ്രതിസന്ധികള്‍ ഇരുരാജ്യങ്ങള്‍ക്കും വെല്ലുവിളി സൃഷ്ടിച്ചെന്നും യെല്ലന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു.

ഇന്‍ഡോ-പസഫിക് സാമ്പത്തിക പട്ടികയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെ അഭിനന്ദിക്കുകയും ഇന്ത്യയുടെ ജി 20 പ്രസിഡന്റ് സ്ഥാനത്തിന് അമേരിക്ക പിന്തുണ നല്‍കുന്നതായും യെല്ലന്‍ അറിയിച്ചു. യുഎസും ഇന്ത്യയും ലോക സമ്പദ്വ്യവസ്ഥയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും സാമ്പത്തിക വികസനത്തിലും സഹകരണത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരണമെന്നും യെല്ലന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു.

ഡിസംബറില്‍ ജി 20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത് കൂടുതല്‍ യോജിച്ച ആഗോള സഹകരണത്തിനുള്ള അവസരമാണെന്നും യെല്ലന്‍ പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കാനാണ് സീതാരാമന്‍ വാഷിംഗ്ടണ്‍ ഡിസിയിലെത്തിയത്. നവംബര്‍ 11 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന കൂടിക്കാഴ്ച ആഗോള സമ്പദ്വ്യവസ്ഥയുടെ സ്റ്റോക്ക് എടുക്കാന്‍ അവസരം നല്‍കുമെന്ന് സീതാരാമന്‍ പറഞ്ഞു.