മ്യാൻമറിലെ മുൻ ഭരണാധികാരിയായ ആങ് സാങ് സൂകി രണ്ട് അഴിമതി കേസുകളിൽ കൂടി കുറ്റക്കാരിയാണെന്ന് മ്യാൻമർ കോടതി കണ്ടെത്തി. രണ്ട് കേസുകളിലായി ഇവർക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവ് ഒരേസമയം അനുഭവിച്ചാൽ മതി. മുൻകാല ശിക്ഷാവിധികളോടൊപ്പം ഇപ്പോൾ അവർക്ക് 26 വർഷത്തെ തടവ് ശിക്ഷയാണ് ലഭിക്കുക. 2021 ഫെബ്രുവരി 1നാണ് 77കാരിയായ സൂകി തടങ്കലിലായത്. 

സൂകി നേതൃത്വം നൽകിയ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് സൈന്യം അധികാരം പിടിച്ചെടുത്തപ്പോഴാണ് ഇവർ അഴിക്കുള്ളിലായത്. മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ട വ്യവസായിയായ മൗംഗ് വെയ്‌ക്കിൽ നിന്ന് 5,50,000 ഡോളർ കൈക്കൂലിയായി വാങ്ങിയതായാണ് ഈ കേസിൽ ഇവർക്കെതിരായ ആരോപണം. 

എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ അവർ പൂർണമായും നിഷേധിച്ചു. 1991ലെ സമാധാന നോബൽ സമ്മാന ജേതാവിനെതിരെ സൈന്യം നിരവധി അഴിമതിക്കേസുകളാണ് ചുമത്തിയിരിക്കുന്നത്. അഴിമതി വിരുദ്ധ നിയമപ്രകാരം ആകെ 12 കേസുകളാണ് സൂകിക്കെതിരെ നിലവിലുള്ളത്.

അനധികൃതമായി വോക്കി-ടോക്കികൾ ഇറക്കുമതി ചെയ്യുകയും കൈവശം വയ്ക്കുകയും ചെയ്‌തു, കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ചു, രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു, രാജ്യദ്രോഹം, തിരഞ്ഞെടുപ്പ് വഞ്ചന, അഞ്ചോളം അഴിമതി ആരോപണങ്ങൾ എന്നിവയിലായി ആകെ 23 വർഷത്തെ തടവിന് സൂകിയെ നേരത്തെ ശിക്ഷിച്ചിരുന്നു.

അതേസമയം, 2023ൽ സൈന്യം നടത്താമെന്ന് വാഗ്‌ദാനം ചെയ്‌ത തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് സൂകിയെ തടയാനും, സൈന്യം അധികാരം പിടിച്ചെടുത്തത് നിയമാനുസൃതമാക്കാനുമുള്ള ശ്രമങ്ങളുടെ ഫലമായി ഉയർന്ന രാഷ്ട്രീയ പ്രേരിത ആരോപണങ്ങളാണ് ഈ കേസുകളെന്നാണ് സൂകിയെ പിന്തുണക്കുന്നവർ ആരോപിക്കുന്നത്.