ലോകത്തിലെ ഏറ്റവും വലിയ പറക്കുന്ന കാറുകളുടെ നിര്‍മ്മാണ കമ്പനിയായ XPENG AEROHT ന്റെ പറക്കും കാര്‍ XPENG X2 ദുബായില്‍ പ്രദര്‍ശിപ്പിച്ചു. ഈ പറക്കും കാര്‍ ഭാവിയില്‍ പറക്കും ടാക്സിയായി ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഏഷ്യയിലെ ഏറ്റവും വലിയ പറക്കും കാര്‍ കമ്പനിയും XPENG കമ്പനിയുടെ അഫിലിയേറ്റുമായ XPENG AEROHT, അതിന്റെ ഇലക്ട്രിക് ഫ്‌ലൈയിംഗ് കാര്‍ XPENG X2 ന്റെ ആദ്യ പറക്കല്‍ ഡ്രൈവാണ് ദുബായില്‍ നടത്തിയത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിലെ മറീന ജില്ലയിലാണ് ഈ ഇലക്ട്രിക് കാറിന്റെ പറക്കല്‍ നടത്തിയത്. 

130 കിലോമീറ്ററാണ് വേഗത

ആകര്‍ഷകമായി രൂപകല്പന ചെയ്ത ഈ ടാക്‌സിയില്‍ രണ്ട് യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാം. എട്ട് പ്രൊപ്പല്ലറുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 130 കിലോമീറ്റര്‍ (80 മൈല്‍) ആണെന്ന് കമ്പനി പറയുന്നു. വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, eVTOL അല്ലെങ്കില്‍ ‘ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിംഗ്’ വാഹനത്തിന് അതിവേഗ പോയിന്റ്-ടു-പോയിന്റ് നല്‍കുന്നു.

സ്‌പെഷ്യല്‍ ഓപ്പറേറ്റിംഗ് റിസ്‌ക് അസസ്‌മെന്റ് പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ (ഡിസിഎഎ) നിന്ന് പ്രത്യേക ഫ്‌ലയിംഗ് പെര്‍മിറ്റ് ലഭ്യമാക്കുകയും ചെയ്ത ശേഷമാണ് പറക്കല്‍ നടത്തിയത്. XPeng X2 ന്റെ ആദ്യത്തെ പൊതു പ്രദര്‍ശനമാണ് ദുബായില്‍ നടന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന GITEX ഗ്ലോബല്‍ ടെക് ഷോയുടെ ഉദ്ഘാടന ദിവസം 150-ലധികം ആളുകള്‍ ഡിസ്‌പ്ലേ ഫ്‌ലൈറ്റ് കണ്ടിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ഫ്‌ലൈയിംഗ് കമ്പനി ആണ് XPeng Aeroht

ഏഷ്യയിലെ ഏറ്റവും വലിയ പറക്കും കാര്‍ നിര്‍മ്മാണ കമ്പനിയാണ് എക്‌സ്‌പെംഗ് എയ്‌റോട്ട്. ഇവര്‍ നിര്‍മ്മിച്ച എക്സ്പെംഗ് എക്സ്2 താഴ്ന്ന ഉയരത്തിലുള്ള സിറ്റി ഫ്‌ലൈറ്റുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത രണ്ട് സീറ്റര്‍ പറക്കുന്ന കാറാണ്. പ്രത്യേകിച്ച് മെഡിക്കല്‍ എമര്‍ജന്‍സി പോലുള്ള ഹ്രസ്വദൂര നഗര യാത്രകള്‍ക്ക് ഈ പറക്കും കാറുകള്‍ പ്രയോജനപ്രദമാണ്.

ഡെമോ ഫ്‌ലൈറ്റ് സമയത്ത് ഉപയോഗിച്ച XPeng X2 അഞ്ചാം തലമുറ മോഡലാണ്. XPeng Aeroht ആറാം തലമുറ XPeng X2-ന്റെ കോണ്‍ഫിഗറേഷന്‍, എക്സ്റ്റീരിയര്‍ ഡിസൈന്‍, എയര്‍-ഡ്രൈവിംഗ് രീതി എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ 2022 ഒക്ടോബര്‍ 24-ന് 1024 XPeng ടെക് ഡേയില്‍ പുറത്തിറക്കും.