ന്യൂഡല്‍ഹി: ശശി തരൂറുമായി താരതമ്യം ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ അധികാര വികേന്ദ്രീകരണത്തിനായുള്ള ശശി തരൂരിന്റെ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോളായിരുന്നു ഖാര്‍ഗെയുടെ മറുപടി. അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനാകാനുള്ള മത്സരത്തിലാണ് ഖാര്‍ഗെയും തരൂരും.ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തരൂരുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി പരിഷ്‌കരിക്കാനുള്ള തരൂരിന്റെ പ്രകടനപത്രികയെ കുറിച്ച് സംസാരിക്കവെ, ബ്ലോക്ക് പ്രസിഡന്റില്‍ നിന്ന് ഈ നിലയിലേക്ക് ഞാന്‍ സ്വന്തം നിലയിലാണ് എത്തിയതെന്നും ശശി തരൂര്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

തന്റെ പ്രകടനപത്രികയുമായി മുന്നോട്ട് പോകാന്‍ തരൂരിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ഉദയ്പൂര്‍ പ്രഖ്യാപനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ് തന്റെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊതു ഉള്‍ക്കാഴ്ച,തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ്, ദേശീയ പരിശീലനം എന്നിങ്ങനെ മൂന്ന് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു മെയ് മാസത്തില്‍ പാര്‍ട്ടി അംഗീകരിച്ച പ്രഖ്യാപനം. എല്ലാ മുതിര്‍ന്ന നേതാക്കളുമായും വിദഗ്ധരുമായും കൂടിയാലോചിച്ച ശേഷമാണ് ആ പ്രഖ്യാപനങ്ങള്‍ പരിഗണിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസിന് പുതിയ മുഖങ്ങള്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, പാര്‍ട്ടിയില്‍ ആര് ആരാണെന്ന് അറിയാവുന്ന സംഘടനാ പ്രവര്‍ത്തകനാണ് താനെന്നും അവരുടെ സേവനം ആവശ്യമുള്ളിടത്ത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.