മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ കഫ് സിറപ്പുകളുടെ ഉത്പാദനം നിർത്താൻ ഉത്തരവിട്ട് ഹരിയാന സർക്കാർ. കേന്ദ്ര-സംസ്ഥാന ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ കഫ് സിറപ്പിൽ 12 പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കഫ് സിറപ്പുകൾ കാരണമായെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞതിന് പിന്നാലെയാണിത്.

കേന്ദ്ര-ഹരിയാന സംസ്ഥാന ഡ്രഗ് ഡിപ്പാർട്ട്‌മെന്റുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ 12 ഓളം പിഴവുകളാണ് കണ്ടെത്തിയത്. ഇത് കണക്കിലെടുത്താണ് മൊത്തത്തിലുള്ള ഉൽപ്പാദനം നിർത്താൻ തീരുമാനിച്ചതെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. ലോകാരോഗ്യ സംഘടന സൂചിപ്പിച്ച മറ്റ് മൂന്ന് മരുന്നുകളുടെ സാമ്പിളുകൾ കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ് ലാബിലേക്ക് അയച്ചുവെന്നും ഫലം വന്ന ശേഷമാവും തുടർനടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിയാനയിലെ സോനെപത്തിൽ നിർമ്മിച്ച നാല് കഫ് സിറപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു, ഗാംബിയയിലെ കുട്ടികൾക്കിടയിൽ ഗുരുതരമായ വൃക്ക തകരാറുകളും, 66 മരണങ്ങളും ഉണ്ടാക്കാൻ ഇടയാക്കിയത് ഈ മരുന്നുകളുടെ ഉപയോഗമാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. 

ലോകാരോഗ്യ സംഘടന നടത്തിയ ഈ മരുന്ന് സാമ്പിളുകളുടെ ലബോറട്ടറി വിശകലന പ്രകാരം അവയിൽ അസ്വീകാര്യമായ അളവിൽ ഡൈഎഥിലീൻ ഗ്ലൈക്കോളും, എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ഇന്ത്യക്ക് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്.