ചെന്നൈ: കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എല്‍ടിടിഇ അനുകൂലികളായ യുവാക്കളുടെ മൊഴി. 2 യുവാക്കളാണ് എല്‍ടിടിഇ അനുകൂല പ്രവര്‍ത്തനങ്ങളുടെ പേരില്‍ തമിഴ്‌നാട്ടില്‍ എന്‍ഐഎയുടെ പിടിയിലായത്. സേലം സ്വദേശികളായ നവീന്‍ ചക്രവര്‍ത്തി( 24) സഞ്ജയ് പ്രകാശ്( 25) എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തമിഴ്‌നാടിന് അര്‍ഹമായ വെള്ളം കിട്ടാനായി കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി മൊഴി ലഭിച്ചത്. ആക്രമണം നടത്താനായി വേള്‍ഡ് തമിഴ് ജസ്റ്റിസ് കോടതി എന്ന പേരില്‍ ഗറില്ല പ്രസ്ഥാനം ആരംഭിക്കുന്ന കാര്യം പോലും പരിഗണനയിലുണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

ഇക്കഴിഞ്ഞ 7-ാം തീയതി എന്‍ആഎ എല്‍ടിടിഇ അനുകൂലികള്‍ക്കായി സേലത്തും ശിവഗംഗയിലും നടത്തിയ തെരച്ചിലിനൊടുവിലാണ് നവീന്‍ ചക്രവര്‍ത്തിയും സഞ്ജയ് പ്രകാശും കുടുങ്ങുന്നത്. ഇവരുടെ താമസ സ്ഥലത്ത് എന്‍ഐഐ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും എല്‍ടിടിഇയെ കുറിച്ചുള്ള പുസ്തകങ്ങള്‍, കൊല്ലപ്പെട്ട നേതാക്കളുടെ ചിത്രങ്ങള്‍, സ്‌ഫോടക വസ്തുക്കളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബില്ലുകള്‍ എന്നിവ പിടിച്ചെടുത്തു.

സയനൈഡിനെ പകരമായി ഉപയോഗിക്കുന്ന ചെടികളും വിത്തുകളും കണ്ടെത്തി. വീട് വാടകയ്ക്ക് എടുത്ത് ഇവര്‍ ആയുധ നിര്‍മാണം നടത്തിവന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നിന്നും ചില ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തിയതായി സൂചനയുണ്ട്.