കീവ്: യുക്രെയിനെതിരേ റഷ്യന്‍ നടത്തിയ ആക്രണത്തില്‍ മരണം 14 ആയതായി ഉയർന്നതായി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 60 ൽ ഏറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം യുക്രൈന്‍ പിന്തുണയുമായി അമേരിക്ക രംഗത്തെത്തി. ആയുധങ്ങൾ കൈമാറാൻ തയ്യാറാണെന്നും അമേരിക്ക അറിയിച്ചു. യുക്രൈനെ ലോകത്തുനിന്നും തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമര്‍ സെലന്‍കി ആരോപിച്ചു. 

അതേസമയം, ഇന്നലെ നടന്ന അടിയന്തര ഐക്യരാഷ്ട്ര പൊതുസഭ യോഗത്തില്‍ യുക്രൈന്‍ റഷ്യയെ ‘ഭീകര രാഷ്ട്രമായി’ അപലപിച്ചു. ഭാഗിക അധിനിവേശമുള്ള 4 യുക്രൈന്‍ പ്രദേശങ്ങള്‍ റഷ്യ പിടിച്ചടക്കിയതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യുഎന്‍ സംവാദം വിളിച്ചത്.

റഷ്യ ഒരു ഭീകര രാഷ്ട്രമാണെന്ന് വീണ്ടും തെളിയിച്ചെന്ന് ചർച്ചയിൽ യുക്രൈന്‍ അഭിപ്രായപ്പെട്ടു.കഴിഞ്ഞ ദിവസം പുലർച്ചെ തുടങ്ങിയ ആക്രമണത്തിൽ 84 മിസൈലുകള്‍ റഷ്യ പ്രയോഗിച്ചതായും ഇതില്‍ 43 എണ്ണം പ്രതിരോധിച്ചതായും യുക്രൈന്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. റഷ്യയുടെ അക്രമണത്തിൽ ലോക രാജ്യങ്ങൾ കടുത്ത എതിർപ്പാണ് പ്രകടിപ്പിക്കുന്നത്. സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് ജി 7 ഉച്ചകോടി യോഗം ചേരും.