കീവ്: യുക്രെയ്‌നിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി. റഷ്യ യുദ്ധം കടുപ്പിച്ച പശ്ചാത്തലത്തിലാണ് എംബസിയുടെ നിർദ്ദേശം. യുക്രെയ്ൻ സർക്കാരും തദ്ദേശ ഭരണകൂടങ്ങളും നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു. 

യുക്രെയ്‌നിലുള്ള ഇന്ത്യൻ പൗരന്മാർ താമസസ്ഥലം അടക്കമുള്ള പൂർണ്ണ വിവരങ്ങൾ എംബസിയെ അറിയിക്കണം. അനാവശ്യ യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാണമെന്നാണ് നിർദ്ദേശം. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ എത്തിയിരുന്നു. ഇന്ത്യയ്ക്ക് അഗാധമായ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ജി പറഞ്ഞു.  

ശത്രുത വർദ്ധിക്കുന്നതിനോട് താത്പര്യപ്പെടുന്നില്ല. . ശത്രുത ഉടനടി അവസാനിപ്പിക്കാനും നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് അടിയന്തിരമായി മടങ്ങാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നാണ് അരിന്ദം ബ്ഗ്ചി പറഞ്ഞത്. യുക്രെയ്‌നെതിരായ റഷ്യൻ ആക്രമണത്തെ യുഎന്നും അപലപിച്ചു. സാധാരണക്കാരാണ് യുദ്ധത്തിനിരയാകുന്നതെന്നാണ് യുഎൻ പറഞ്ഞത്.