യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ നടത്തുന്ന മിസൈല്‍ ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ ഭീഷണിയെ നേരിടാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ആക്രമണത്തില്‍ വ്ളാഡിമിര്‍ പുടിന്റെ നിയമവിരുദ്ധ യുദ്ധത്തിന്റെ ക്രൂരത പ്രകടമാക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കപ്പെടുകയും സാധാരണക്കാരുടെ മരണവും ഉള്‍പ്പെടെ ഉക്രെയ്നിലെ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ആശങ്കയുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു. യുദ്ധം വധിപ്പിക്കുന്നത് ആര്‍ക്കും താല്‍പ്പര്യമുള്ളതല്ലെന്ന് ആവര്‍ത്തിക്കുന്നു. യുദ്ധം ഉടനടി അവസാനിപ്പിക്കാനും നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് അടിയന്തിരമായി മടങ്ങാനും അഭ്യര്‍ത്ഥിക്കുന്നു. സംഘര്‍ഷം കുറയ്ക്കാനുളള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം യുക്രെയ്നിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി രംഗത്തെത്തി. റഷ്യ യുദ്ധം കടുപ്പിച്ച പശ്ചാത്തലത്തിലാണ് എംബസിയുടെ നിര്‍ദ്ദേശം. യുക്രെയ്ന്‍ സര്‍ക്കാരും തദ്ദേശ ഭരണകൂടങ്ങളും നല്‍കുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എംബസി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. 

യുക്രെയ്നിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ താമസസ്ഥലം അടക്കമുള്ള പൂര്‍ണ്ണ വിവരങ്ങള്‍ എംബസിയെ അറിയിക്കണം. അനാവശ്യ യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാണമെന്നാണ് നിര്‍ദ്ദേശം. യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ എത്തിയിരുന്നു. ഇന്ത്യയ്ക്ക് അഗാധമായ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ജി പറഞ്ഞു.