ഉജ്ജയിനി: മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ 856 കോടി രൂപ ചെലവില്‍ നിര്‍മ്മാണം നടത്തിയ മഹാകാലേശ്വര ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (ചൊവ്വാഴ്ച) ഉദ്ഘാടനം ചെയ്യും. ഭോപ്പാലില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള മഹാകാലേശ്വര ക്ഷേത്ര ഇടനാഴിയുള്‍പ്പെടെ നിരവധി വികസന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിര്‍വ്വഹിക്കുക. 

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലുണ്ട്. ഉച്ചയ്ക്ക് ശേഷം അഹമ്മദാബാദ് അസര്‍വയിലെ സിവില്‍ ഹോസ്പിറ്റലില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടുകയും തുടര്‍ന്ന് ഉജ്ജയിനിയിലേക്ക് പോകുകയും ചെയ്യും. വൈകിട്ട് 5.45ന് മഹാകാലേശ്വര ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും പ്രധാനമന്ത്രി നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് വൈകുന്നേരം 6:30 ന് മഹാകാലേശ്വര ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുകയും തുടര്‍ന്ന് 7:15 ന് ഉജ്ജയിനില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയും ചെയ്യും. 

വിശ്വാസത്തിന്റെയും ആത്മീയതയുടെയും വിശുദ്ധ നഗരമായ ഉജ്ജയിനി ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

900 മീറ്ററിലധികം നീളമുള്ള ഇടനാഴിയായ മഹാകാല്‍ ലോകിന്റെ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഇടനാഴികളില്‍ ഒന്നാണിത്. പുരാതന മഹാകാലേശ്വര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പുനര്‍വികസന പദ്ധതിയുടെ ഭാഗമായാണ് മഹാകാല്‍ ലോക് പുനര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പഴയ രുദ്രാസാഗര്‍ തടാകത്തിന് സമീപമാണ് ഈ ഇടനാഴി.

രാജ്യത്തെ 12 ‘ജ്യോതിര്‍ലിംഗ’ങ്ങളിലൊന്നാണ് മഹാകാലേശ്വര്‍ ക്ഷേത്രം. വര്‍ഷം തോറും നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്. മഹാകാലേശ്വര്‍ എന്ന പേരിലാണ് ഇവിടെ ഭഗവാന്‍ ശിവന്‍ അറിയപ്പെടുന്നത്. അതേസമയം, പദ്ധതി നഗരത്തിലെ ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്ന് മധ്യപ്രദേശിലെ ഭവന, നഗര വികസന മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.