മുംബൈ: ദാവൂദ് ഇബ്രാഹിം സംഘവുമായി ബന്ധമുള്ള അഞ്ച് പേർ അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി എക്സ്റ്റോർഷൻ സെല്ലിന്റേതാണ് നടപടി. ദാവൂദ് ഇബ്രാഹിം സംഘത്തിലെ സഹായികളാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കുമെന്നും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

അജയ് ഗോസാലിയ, ഫിറോസ് ചാംദ, സമീർ ഖാൻ, അംജദ് റെഡ്കർ എന്നിവരാണ് അറസ്റ്റിലായത്. ഒരാളുടെ പേര് ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായാണ് ഇവർ പിടിയിലാകുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ സഹായി റിയാസ് ഭാട്ടി, സലിം ഫ്രൂട്ട് എന്നിവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ദാവൂദ് ഇബ്രാഹിം, സഹോദരൻ അനീസ്, സഹായികളായ ഛോട്ടാ ഷക്കീൽ ഉൾപ്പെടെയുള്ളവർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവർ രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.