തിരുവല്ല: കേരളത്തില്‍ നരബലി. തിരുവല്ലയിലാണ് രണ്ട് സ്ത്രീകളെ നരബലി നടത്തിയത്. തിരുവല്ലക്കാരായ ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയത്. കാലടി,കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്ത്രീകളെ എത്തിച്ച ഏജന്റും ദമ്പതിമാരും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. തലയറുത്താണ് കൊന്നതെന്നും വിവരം. മിസിങ് കേസ് അന്വേഷണത്തിലാണ് നരബലിയുടെ വിവരങ്ങള്‍ പുറത്ത് വന്നത്. മൃതദേഹം കണ്ടെടുക്കാന്‍ ആര്‍ഡിഒ അടക്കമുള്ള സംഘം തിരുവല്ലയിലേക്ക് എത്തുന്നു.

കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കുന്നതിനു വേണ്ടിയാണ് രണ്ട് സ്ത്രീകളെ ദമ്പതികൾ ബലി നൽകിയത്. എറണാകുളം സ്വദേശികളായ രണ്ടു സ്ത്രീകളെയാണ് തിരുവല്ല സ്വദേശികളായ ദമ്പതികൾ ബലി നൽകിയതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീകളെ ഏജൻ്റ് ബലി നൽകുവാനായി ദമ്പതിമാരുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇരുവരെയും തലയറുത്താണ് കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മറവ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. 

എറണാകുളം കേന്ദ്രമായി ഉയർന്നുവന്ന രണ്ട് മിസ്സിംഗ് കേസുകൾ അന്വേഷിക്കുന്നതിനിടയിലാണ് സ്ത്രീകളെ നരബലി നടത്തിയ സംഭവത്തിലേക്ക് പോലീസിൻ്റെ ശ്രദ്ധയെത്തുന്നത്. പെരുമ്പാവൂർ സ്വദേശിയായ ഏജൻ്റ് വഴിയാണ് സ്ത്രീകൾ ദമ്പതിമാരുടെ അടുക്കൽ എത്തിയത്. പെരുമ്പാവൂർ സ്വദേശി തന്നെയായ ഒരു ദിവ്യനാണ് സ്ത്രീകളെ ബലി നൽകി സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കുവാൻ ദമ്പതിമാരെ ഉപദേശിച്ചതെന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. കൊല്ലപ്പെട്ട സ്ത്രീകൾക്ക് 50 വയസ്സിനടുത്ത പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആർടിഒയും അടങ്ങുന്ന സംഘം തിരുവല്ലയിൽ ക്യാമ്പ് ചെയ്യുകയാണ്. ബലി നൽകപ്പെട്ടവരിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഭഗവന്ദ്, ലെെല ദമ്പതിമാരാണ് സ്ത്രീകളെ ബലി നൽകിയത്. കാലടി കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് നരബലിക്ക് ഇരയായത്. സ്ത്രീകളെ ദമ്പതിമാർക്ക് എത്തിച്ചു നൽകിയ ഏജൻറ് ഷിഹാസ് റഷീദ് പോലീസ് പിടിയിൽ ആയിട്ടുണ്ട്. ഏജൻറ് ഫേസ്ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെടുകയും തുടർന്ന് ദമ്പതിമാരുടെ അടുക്കൽ എത്തിക്കുകയും ആയിരുന്നു. സ്ത്രീ എന്ന നിലയിലാണ് ഏജൻ്റ് നരബലിക്ക് ഇരയായ സ്ത്രീകളെ പരിചയപ്പെട്ടതെന്നാണ് സൂചനകൾ. 

രണ്ടു സ്ത്രീകളുടെ തിരോധാനം സംബന്ധിച്ച അന്വേഷണമാണ് നരബലിയിലേക്ക് വിരൽ ചൂണ്ടിയത്. ഇരു സ്ത്രീകളെയും ഏജൻറ് വശീകരിച്ച് ദമ്പതിമാരുടെ അടുക്കൽ എത്തിക്കുകയും തുടർന്ന് നരബലി നടത്തുകയുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീകളെ തലയറുത്താണ് കൊലപ്പെടുത്തിയത്. തുടർന്ന് ശരീരം കഷണങ്ങളാക്കി മാറ്റുകയായിരുന്നു. കൊലപാതകം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരുമെന്നും പൊലീസ് അറിയിച്ചു.