തിരുവനന്തപുരം: നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ നിരത്തിൽ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷ മാനദണ്ഡം പാലിക്കാതെ നിയമം ലഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യണം. ഡ്രൈവറുടെ ലൈസൻസും അടിയന്തരമായി റദ്ദാക്കണം. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ സൗമ്യത വേണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.

നിയമവിരുദ്ധമായ ശബ്ദ സൗണ്ട് സംവിധാനമുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ലെന്ന നിർദേശവും കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായി. ഇത്തരം ബസുകളിൽ വിദ്യാർഥികൾ യാത്ര പോകേണ്ടതില്ല. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാം. നിയമവിരുദ്ധമായുള്ള നിറങ്ങളുള്ള വാഹനങ്ങളും പിടിച്ചെടുക്കാം. കെഎസ്ആർടി സി ഉൾപ്പെടെയുള്ള ബസുകൾക്ക് കളർ കോഡ് ബാധകമാണെന്നും കോടതി വ്യക്തമാക്കി.

നിയമം ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനൊപ്പം പോലീസും മോട്ടോർ വാഹന വകുപ്പും രാത്രികാല സമയങ്ങളിൽ പരിശോധന ശക്തമാക്കണം. എംവിഡിക്ക് ആവശ്യമായ സഹായം പോലീസ് നൽകണം. വീഴ്ച കണ്ടെത്തിയാൽ കർശനമായ നടപടിയാണ് വേണ്ടത്. വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ വാഹനം മുഴുവൻ നിയമവിരുദ്ധമായ ലൈറ്റുകളായിരുന്നു. ഇത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു.

ടൂറിസ്റ്റ് ബസുകളിലെ ലൈറ്റുകൾ സ്ഥാപിച്ചാൽ ഡ്രൈവറുടെ കാഴ്ചയെ ബാധിക്കും. ലൈറ്റുകളുടെ ഗ്ലെയര്‍ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് കൃത്യമായ കളര്‍ കോഡുണ്ട്. അത് പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

നിയമലംഘനം നടത്തുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും നടപടി വേണം. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ടൂറിസ്റ്റ് ബസുകൾക്കെതിരെ കർശന നടപടിക്ക് കോടതി നിർദേശം നൽകിയത്. വടക്കഞ്ചേരിൽ അപകടത്തിൻ്റെ ദൃശ്യം തുറന്ന കോടതിയിൽ ഡിവിഷൻ ബെഞ്ച് പരിശോധിച്ചു. അപകടവുമായി ബന്ധപ്പെട്ട് പോലീസും മോട്ടർ വാഹന വകുപ്പും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.