വാഷിംങ്ടൺ: സെമിറ്റിക് വിരുദ്ധ പോസ്റ്റുകൾ ഇട്ടതിന്‍റെ പേരിൽ യു.എസ് റാപ്പർ കാനി വെസ്റ്റിന്‍റെ (യെ) ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചതായി കമ്പനി വക്താവ് അറിയിച്ചു. യഹൂദൻമാർ ഒരു സംഗീജ്ഞനെ നിയന്ത്രിക്കുന്നു എന്ന രീതിയിലുള്ള പോസ്റ്റുകളാണ് ഇട്ടത്.

അടുത്തിടെ പാരീസ് ഫാഷൻ വീക്കിൽ “ബ്ലാക്ക് ലൈവ്സ് മാറ്റർ” എന്ന മുദ്രാവാക്യം ദുരുപയോഗം ചെയ്ത് “വൈറ്റ് ലൈവ്സ് മാറ്റർ” എന്നെഴുതിയ ടീ-ഷർട്ട് ധരിച്ചത് വിവാദത്തിന് കാരണമായിരുന്നു.

വെസ്റ്റ് മുമ്പും പ്രകോപനപരമായ പോസ്റ്റുകൾ ചെയ്തിട്ടുണ്ട്.ഈ വർഷമാദ്യം ഹാസ്യ നടൻ ട്രെവർ നോഹിനെതിരെ വംശീയ അധിക്ഷേപം നടത്തിയതിന് ഒരു ദിവസത്തേക്ക് വെസ്റ്റിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.

വെസ്റ്റിന്‍റെ പോസ്റ്റുകൾക്കെതിരെ അമേരിക്കൻ ജൂത കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തി.