വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധത്തിന് ഉടൻ സമാധാനപരമായൊരു പരിസമാപ്തിയുണ്ടാകണമെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നെവാഡയിൽ സംഘടിപ്പിച്ച സേവ് അമേരിക്ക റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണവായുധങ്ങളെക്കുറിച്ചും അത് പ്രയോഗിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭൂമിയിൽ ആരും അവശേഷിക്കില്ല മനുഷ്യർ ഇതിന്‍റെ പ്രത്യാഘാതത്തെക്കുറിച്ച് അജ്ഞരാണ്. ‘യുക്രൈൻ യുദ്ധം സമാധാനപരമായ രീതിയിൽ അവസാനിപ്പിക്കാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ് . അല്ലാത്തപക്ഷം ഇതൊരു മൂന്നാം ലോക മഹായുദ്ധത്തിൽ ചെന്നവസാനിക്കും. തൽഫലമായി ഭൂമിയിൽ ആരും അവശേഷിക്കില്ല’ ട്രംപ് പറഞ്ഞു.

60 വർഷത്തിനിടെ ആദ്യമായി ആണവ യുദ്ധത്തിന്‍റെ അപകടസാധ്യതയെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പരാമർശം. എന്നാൽ, ആണവായുധങ്ങളുപയോഗിക്കുന്നതിനെ കുറിച്ചുള്ള ട്രംപിന്‍റെ പ്രസ്താവന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ളതല്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.