വെനസ്വേല: വെനസ്വേലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ മരിക്കുകയും 52 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. കനത്ത മഴയില്‍ പ്രദേശത്തെ അഞ്ച് നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായത്. ഞായറാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ മറ്റ് മൂന്ന് കേന്ദ്ര സംസ്ഥാനങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് വെനസ്വേല ഇപ്പോള്‍. 

‘ഞങ്ങള്‍ ഇവിടെ വളരെ കാര്യമായ നാശനഷ്ടങ്ങള്‍ കാണുന്നു, മനുഷ്യരെ നഷ്ടമായി. ഇതുവരെ, 22 പേര്‍ മരിച്ചതായി കണ്ടെത്തി, 52 ലധികം ആളുകളെ കാണാതായിട്ടുണ്ട്. ഈ ആളുകളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്’ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. കാരക്കാസില്‍ നിന്ന് 67 കിലോമീറ്റര്‍ അകലെയുള്ള ടെജേരിയാസില്‍ കനത്ത മഴയില്‍ വലിയ മരങ്ങള്‍ പിഴുത് വീണിട്ടുണ്ട്. പല വ്യാപാരസ്ഥാപനങ്ങളെയും കൃഷിഭൂമികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും ഡെല്‍സി പറഞ്ഞു. സുരക്ഷാ സേന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ആളുകളെ കണ്ടെത്തി രക്ഷപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഭരണകൂടം ഈ പ്രദേശത്തെ ദുരന്തമേഖലയായി നിശ്ചയിച്ചിരിക്കുന്നതായി വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ ട്വിറ്ററില്‍ കുറിച്ചു. ദുരന്തത്തെ തുടര്‍ന്ന് അദ്ദേഹം മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.