തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തൻ്റെ കഴുത്തിൽ താലികെട്ടിയിരുന്നെന്ന വെളിപ്പെടുത്തലുകളുൾപ്പെടെയുള്ള പുസ്തകമാണ് സ്വപ്നയുടെ പേരിൽ പുറത്തിറങ്ങുന്നത്. താൻ ശിവശങ്കറിൻ്റെ പാർവതിയായിരുന്നു. ചെന്നൈയിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹമെന്നും സ്വപ്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. താലി കെട്ടിയ ശേഷം ശിവശങ്കർ നെറുകയിൽ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്ന് വാക്കു തന്നിരുന്നുവെന്നും സ്വപന പുസ്തകത്തിൽ ആരോപിക്കുന്നുണ്ട്. 

സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകൾ സ്വപ്നയുടെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർക്കെതിരെയും പുസ്തകത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. ഒരു നിശബ്ദ സന്ദേശത്തിൻ്റെ കാര്യവും പുസ്തകത്തിൽ പറയുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ സർക്കാരിനോ,​ സർക്കാരിൻ്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദ സന്ദേശം താൻ റെക്കോർഡ് ചെയ്തത് എൽ ഡി എഫിന് തുടർഭരണം കിട്ടാൻ വേണ്ടിയായിരുന്നുവെന്നാണ് സ്വപ്ന ആരോപിക്കുന്നത്. വളരെ ഗുരുതരമായ ആരോപണമാണ് പുസ്തകത്തിലൂടെ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. 

തുടർഭരണം ലഭിക്കേണ്ടത് ഈ സർക്കാരിൻ്റെ ആവശ്യമായിരുന്നു. തുടർഭരണം കിട്ടിയില്ലെങ്കിൽ കേസന്വേഷണത്തിൻ്റെ രീതി മാറുമെന്ന് ശിവശങ്കർ പറഞ്ഞിരുന്നു.  എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരേണ്ടത് തൻ്റെ കൂടി ആവശ്യമാണെന്നു വിശ്വസിപ്പിച്ചായിരുന്നു ഓഡിയോ റെക്കോർഡ് ചെയ്യിപ്പിച്ചതെന്നും സ്വപ്‍ന സുരേഷ് പറയുന്നുണ്ട്. എന്നാൽ പുസ്തകത്തിൽ ആർക്കെതിരെയും ലൈംഗിക ആരോപണം ഒന്നുമില്ലെന്നും സ്വപ്ന വ്യക്തമാക്കുന്നുണ്ട്. 

മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖവ്യക്തി മാത്രമാണ് വാട്സാപ്പിലൂടെ ലൈംഗിക താത്പര്യത്തോടെ സംസാരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഫോൺ രേഖകളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നുണ്ട്. വലിയ വിവാദങ്ങളോടെ പുറത്തിറങ്ങുന്ന പുസ്തകത്തിലെ താളുകൾ സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നതും.