കൊച്ചി: കോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പ് പറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. വിചാരണക്കോടതി ജഡ്ജിയെ ആക്ഷേപിക്കുകയോ, ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര നേരിട്ട് ഹാജരായി കോടതിയോട് പറഞ്ഞു. മാപ്പപേക്ഷ രേഖാമൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 

നടിയെ അക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തിലാണ് സംവിധായകനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുള്ളത്. ചാനല്‍ ചര്‍ച്ചക്കിടെ ബൈജു കൊട്ടാരക്കര ജഡ്ജിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്‌തെന്നും, ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തി എന്നും കണ്ടെത്തിയായിരുന്നു കോടതി കേസെടുത്തത്. ഇക്കഴിഞ്ഞ മെയ് 9 നായിരുന്നു ജഡ്ജിനെതിരായ വിവാദ പരാമര്‍ശം. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് കോടതിയലക്ഷ്യ കേസ് ഹര്‍ജി പരിഗണിച്ചത്

അതേസമയം നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ബൈജു കൊട്ടാരക്കരയുടെ ആവശ്യം ഹൈക്കോടതി തള്ളുകയും കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. വിശദീകരണം നല്‍കാന്‍ സാവകാശം വേണമെന്ന് ബൈജു കൊട്ടാരക്കര കോടതിയോട് അവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ പ്രതി നോട്ടിസ് സ്വീകരിച്ചിട്ടും നേരിട്ടു ഹാജരാകാത്തതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇത് അവസാന അവസരമായിരിക്കുമെന്ന് അറിയിച്ചതോടെയാണ് ബൈജു കൊട്ടാരക്കര ഇന്നു കോടതിയില്‍ ഹാജരായത്.