ബംഗളുരു: കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഗാന്ധി കുടുംബം നിയന്ത്രിക്കുമെന്ന ആരോപണത്തെ രാഹുൽ ഗാന്ധി നിഷേധിച്ചു. അധ്യക്ഷ സ്ഥാനാർഥികളായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും ഉയർന്ന നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു. അധ്യക്ഷനായി ആര് വന്നാലും അവരെ ഗാന്ധി കുടുംബം നിയന്ത്രിക്കുമെന്ന ആക്ഷേപങ്ങൾക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മറുപടി.

കർണ്ണാടകയിൽ ഭാരത് ജോഡോ യാത്രക്കിടെ നടന്ന പത്ര സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. “കാഴ്ചപ്പാടും ധാരണയും സ്ഥാനവും ഉയരവുമുള്ള നേതാക്കളാണ് ഇരുവരും. അവരെ ആർക്കും ‘റിമോട്ട് കണ്ട്രോൾ’ ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത്തരം പ്രചാരണങ്ങൾ അവർക്ക് അപമാനമുണ്ടാക്കുന്നതാണ്”- ഗാന്ധി പറഞ്ഞു.