ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടായി പാർട്ടിയിൽ ഒരു തിരഞ്ഞെടുപ്പും നടന്നിട്ടില്ലെന്ന് ആജ് തക്കിനോട് സംസാരിക്കവെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥി ശശി തരൂർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 20 വർഷമായി പാർലമെൻ്ററി സമിതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്ക് ഇപ്പോൾ നവീകരണം ആവശ്യമാണെന്നും തരൂർ പറഞ്ഞു.

തിരഞ്ഞെടുപ്പ് കോൺഗ്രസിനെ ശക്തിപ്പെടുത്തും

ആരു ജയിച്ചാലും ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ ഭാവിക്കു വേണ്ടിയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയോട് പ്രതിനിധികൾ വലിയ താല്പര്യം കാണിക്കുന്നുണ്ട്. അവർ ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. അതേസമയം, ശശി തരൂരിൻ്റെ അടുത്തേക്ക് പോകരുതെന്നും ഗാന്ധി കുടുംബത്തിന് തൃപ്തി വരില്ലെന്നും ചിലർ പ്രചരിപ്പിക്കുന്നു. ഇത് ശരിയല്ലെന്നും ശശി തരൂർ പറഞ്ഞു. ഔദ്യോഗിക സ്ഥാനാർത്ഥിയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ശരിയല്ലെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂർ ചൂണ്ടിക്കാണിച്ചു. 

പ്രവർത്തകർ ഭയപ്പെടുന്നു

എന്നെപിന്തുണച്ചാൽ തങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് പലരും ഭയപ്പെടുന്നുവെന്നും ശശി തരൂർ പറഞ്ഞു. എന്നെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ പാർട്ടിയിലുണ്ട്. എന്നാൽ അവർക്ക് ഭയമാണ്. പിന്തുണ നൽകിയതിൻ്റെ പേരിൽ തങ്ങൾ അപകടത്തിലാകുമോ എന്ന ഭയം. എന്നാൽ അങ്ങനെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും നീതിയുക്തമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ അധ്യക്ഷനെ തിരഞ്ഞെടുക്കൂ എന്ന് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ശശിതരൂർ പറഞ്ഞു. 

2024ഓടെ കോൺഗ്രസ് മാറുമോ?

മാറ്റത്തിന് വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നതെന്ന് ശശിതരൂർ വ്യക്തമാക്കി. അതിൻ്റെ ഭാഗമായി പ്രകടനപത്രികയും പുറത്തിറക്കിയിട്ടുണ്ട്. കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്നുള്ളതാണ് ലക്ഷ്യം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പുതിയ വോട്ടുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് വോട്ട് ചെയ്യാത്തവരുണ്ട്. കോൺഗ്രസിനു മാറ്റമില്ലെന്നു പറഞ്ഞാണ് അവർ നമ്മെ ഒഴിവാക്കുന്നത്. കോൺഗ്രസും മാറിയെന്ന് കാണിക്കണം. ഇതൊരു പുതിയ കോൺഗ്രസ് ആണ്. ഈ പുതിയ കോൺഗ്രസ് പിന്തുണ തേടുകയാണ്.

അതേസമയം, കോൺഗ്രസിനെക്കുറിച്ച് പൊതുസമൂഹത്തിൽ സംശയമുണ്ടെന്നും തരൂർ പറഞ്ഞു. നാട്ടിൽ തൊഴിലില്ലായ്മയുണ്ട്, വിലക്കയറ്റമുണ്ട്. നമ്മൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണം. നൽകിയ വാഗ്ദാനങ്ങൾ പാലിച്ചോ ഇല്ലയോ എന്ന് അവരെ ബോധ്യപ്പെടുത്തണം. കോൺഗ്രസിന് വോട്ടു ചെയ്യണോ എന്ന് ചിന്തിക്കുകയാണ് ജനങ്ങൾ. നാം അവർക്ക് ഉറപ്പു നൽകണമെന്നും തരൂർ പറഞ്ഞു. ബിജെപിയുടെ വെല്ലുവിളി നേരിടാൻ ജനങ്ങൾക്കിടയിലേക്ക് പോകുകയാണ് വേണ്ടതെന്നും തരൂർ ചൂണ്ടിക്കാട്ടി. 

എല്ലാം നടക്കുന്നത് ഡൽഹിയിൽ മാത്രം

കോൺഗ്രസിൽ എല്ലാം തീരുമാനിക്കുന്നത് ഡൽഹിയിലാണെന്നും ശശി തരൂർ പറഞ്ഞു. പ്രവർത്തകർക്ക് ബഹുമാനം കൊടുക്കേണ്ടത് ആവശ്യമാണ്. അധികാരം വികേന്ദ്രീകരിക്കുകയാണ് വേണ്ടത്. ഇന്ന് ഡൽഹിയിൽ എല്ലാം തീരുമാനിക്കപ്പെടുന്നു. പ്രസ്ഥാനത്തിൽ ആരോട് സംസാരിക്കണമെന്ന് പോലും ജനങ്ങൾക്ക് അറിയാതായിരിക്കുന്നു. ആദ്യമൊക്കെ പാർട്ടി വളരെ നന്നായി പ്രവർത്തിച്ചു. എന്നാൽ ഇന്ന് അങ്ങനെയല്ല. പാർട്ടിക്ക് ഒരു പുതിയ ഊർജ്ജം ആവശ്യമാണ്. കോൺഗ്രസ് പ്രവർത്തക സമിതിയിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. പാർലമെൻ്ററി ബോർഡ് ഇല്ല. ഒറ്റവരി തീർപ്പ് എന്ന ശീലം മാറ്റണം. പങ്കാളിത്തവും ഉത്തരവാദിത്തവും പാർട്ടിക്കുള്ളിൽ ഉണ്ടാകണം. ഹൈക്കമാൻഡ് സംസ്കാരം അവസാനിപ്പിക്കണമെന്നും തരൂർ പറഞ്ഞു.

ഖാർഗെയെക്കുറിച്ച്…

അദ്ദേഹം ഞങ്ങളുടെ സുഹൃത്താണെന്നാണ് മല്ലികാർജുൻ ഖാർഗെയെക്കുറിച്ച് ശശി തരൂർ പറഞ്ഞത്. ഞാൻ ഒരിക്കലും അദ്ദേഹത്തിനെതിരെ ഒന്നും പറയില്ല. തൻ്റെ പ്രവർത്തനരീതി വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ പാർലമെൻ്റിൽ എത്തിയത് പാരച്യൂട്ട് ഉപയോഗിച്ചല്ല. ബിജെപിയുടെ കാലത്ത് തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നു തവണ വിജയിച്ചിട്ടുണ്ടെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. 

മോദിയും ശശിയും

ബിജെപി തുടർച്ചയായി രണ്ടുതവണ അധികാരത്തിലെത്തിയിട്ടുണ്ട്. അവർക്ക് 300 സീറ്റുകളുമുണ്ട്. അവർ ഒരിക്കൽ കൂടി ജയിച്ചാൽ കോൺഗ്രസിന് അത് ഏറെ ബുദ്ധിമുട്ടാകും. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്നുള്ളതാണ് ഇവിടെ ഓർക്കേണ്ട വസ്തുത. അതുകൊണ്ടുതന്നെ എല്ലാ പാർട്ടികളും കോൺഗ്രസിനെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കോൺഗ്രസിൽ മാറ്റം വരികയും പാർട്ടി ശക്തിപ്പെടുകയും ചെയ്താൽ മാത്രമേ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും നിലനിൽപ്പുണ്ടാകുകയുള്ളു. 

ഹിന്ദുരാഷ്ട്രം രാജ്യതാൽപ്പര്യമല്ല

രാജ്യത്തെ ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ ഹിന്ദു രാഷ്ട്രമാക്കിയാൽ അത് നമ്മുടെ ഭരണഘടനക്ക് എതിരാണ്. ഈ രീതിയിൽ തന്നെ പ്രതികരിക്കണമെന്നും ശശി തരൂർ പറഞ്ഞു. ഹിന്ദു സമൂഹം ഒന്നടങ്കം മോദിയെ പിന്തുണയ്ക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 37 ശതമാനം വോട്ടുകൾ നേടിയാണ് മോദി 300 സീറ്റുകൾ നേടിയത്. ഹിന്ദു സമൂഹം മുഴുവൻ തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് അതിൽ നിന്നും വ്യക്തമാണെന്നും തരൂർ പറഞ്ഞു. ഹിന്ദു സമൂഹം 80 ശതമാനമാണ്. ഭരിക്കുന്ന പാർട്ടിക്ക് 37 ശതമാനം വോട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളു. ഓരോരുത്തർക്കും അവരവരുടെ അഭിപ്രായവും രാഷ്ട്രീയ വിശ്വാസവും ഉണ്ടാകാം. അത് പ്രധാനമാണെന്നും ശശി തരൂർ പറഞ്ഞു. 

തരൂർ പത്രിക പിൻവലിക്കുമോ?

എന്നെ കാണാൻ ധാരാളം ആളുകൾ വന്നിരുന്നു. അവരെ വഞ്ചിക്കാൻ കഴിയില്ല- കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ശശി തരൂർ മറുപടി പറഞ്ഞു. നിങ്ങളോട് പിന്മാറാൻ പറയണമെന്ന് പലരും തന്നോട് ആവശ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ ഒരിക്കലും നിങ്ങളോട് അത് പറയില്ലെന്നും പത്രിക പിൻവലിക്കരുതെന്നും അദ്ദേഹം തേന്നോട് ആവശ്യപ്പെട്ടുവെന്ന് ശശി തരൂർ പറഞ്ഞു. പാർട്ടിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് രാഹുൽ ഗാന്ധി തന്നെ 10 വർഷമായി പറയുന്നുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.