നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു. 38 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 5.15നാണ് സംഭവം. ഔറംഗബാദിൽ വെച്ച് ഡീസലുമായി പോകുന്ന ലോറിയിലിടിച്ചാണ് ബസിന് തീപിടിച്ചത്. പൊള്ളലേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പൊലീസ് പറയുന്നത്.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം. അതിനാൽ രക്ഷാപ്രവര്‍ത്തനം വൈകി. അഗ്‌നിരക്ഷ സേനയെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് മന്ത്രി ദാദ ബുസെ അറിയിച്ചു.