പാലക്കാട്: വടക്കാഞ്ചേരി അപകടത്തില്‍ പാലക്കാട് ആര്‍ ടി ഒ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി. അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറും. അപകടസ്ഥലത്ത് കെഎസ്ആര്‍ടിസി  ബസ്  നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. കെ.എസ് ആര്‍ടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവില്ലെന്നും കെ എസ്ആര്‍ടിസി ബസ് വേഗത കുറച്ചപ്പോള്‍ വെട്ടിച്ച് മാറ്റാനുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്കെത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോര്‍ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. 

വടക്കഞ്ചേരി അപകടത്തില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും. അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയും ബസിന്റെ അമിത വേഗതയുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. കെഎസ്ആര്‍ടിസി ബസ് വേഗം കുറച്ചപ്പോള്‍ വെട്ടിക്കാനുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

കെഎസ്ആര്‍ടിസി ബസ് സഡന്‍ ബ്രേക്കിട്ടതു മൂലമാണ് അപകടം ഉണ്ടായതെന്നാണ് ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറായ ജോമോന്‍ പൊലീസിനോട് പറഞ്ഞത്. ഈ വാദം തള്ളുന്നതാണ് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെയും ബസിന്റെ ഉടമ അരുണിനേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വാഹനം ഓടിക്കുമ്പോള്‍ ജോമോന്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വൈകാതെ കിട്ടുമെന്നാണ് പോലിസിന്റെ പ്രതീക്ഷ.