കൊച്ചി: പ്ലസ് ടു വിദ്യാർത്ഥി സ്കൂൾ പ്രിൻസിപ്പലിനെ മർദ്ദിച്ചു. മൊട്ടയടിച്ച് സ്കൂളിലെത്തിയ വിദ്യാർഥിയെ ഓഫീസിൽ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് മർദ്ദനം. പരിക്കേറ്റ അധ്യാപകനെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൻറെ മുടി മുറിക്കാൻ പറഞ്ഞ അധ്യാപകരോടുള്ള ദേഷ്യമാണ് വിദ്യാർത്ഥിപ്രിൻസിപ്പാളിനെ മർദ്ദിക്കാൻ കാരണമെന്നാണ് സൂചന. 

മുടി വളർത്തി ക്ലാസ്സിൽ വരുന്ന കുട്ടിയോട് മുടി നന്നായി വെട്ടി സ്കൂളിൽ വരണമെന്ന് ഒരാഴ്ച മുൻപ് ക്ലാസ് ടീച്ചർ ആവശ്യപ്പെട്ടിരുന്നു. മുടി വെട്ടുന്നതിനു പകരം വെള്ളിയാഴ്ച രാവിലെ തല മുണ്ഡനം ചെയ്താണ് കുട്ടി സ്കൂളിലെത്തിയത്. ഇതിനെത്തുടർന്ന് അധ്യാപിക പ്രിൻസിപ്പലിനെ കണ്ടുവരാൻ കുട്ടിയെ ഓഫീസ് റൂമിലേക്ക് അയയ്ക്കുകയായിരുന്നു.  ഓഫീസ് റൂമിൽ വച്ച് പ്രിൻസിപ്പൽ കാര്യങ്ങൾ ചോദിക്കുന്നതിനിടെയാണ് വിദ്യാർത്ഥി പ്രകോപിതനായി പ്രിൻസിപ്പലിനെ മർദ്ദിച്ചത്. 

വിദ്യാർത്ഥി അധ്യാപകൻ്റെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തടിക്കുകയായിരുന്നു. അധ്യാപകനും മർദ്ദിച്ചശേഷം വിദ്യാർത്ഥി ക്ലാസിൽ നിന്നും ഇറങ്ങി ഓടി. തുടർന്ന് വിദ്യാർഥിയെ അധ്യാപകരും നാട്ടുകാരും ചേർന്നാണ് തിരികെ സ്കൂളിലെത്തിച്ചത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കാലടി പൊലീസ് എത്തി നടപടികൾ കൈക്കൊള്ളുകയായിരുന്നു. 

അക്രമം കാണിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കളെ പൊലീസ് ഇടപെട്ട് വിളിപ്പിച്ചു. എന്നാൽ മർദനമേറ്റ പ്രധാനാധ്യാപകൻ പരാതി നൽകിയിട്ടില്ല. അധ്യപകൻ്റെ പരാതി ലഭിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർഥിക്ക് പ്രായപൂർത്തിയാകാത്തതിനാൽ നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.