സാൻഫ്രാൻസിസ്കൊ: മകനെ വിവാഹമോചനം ചെയ്യാൻ പദ്ധതിയിട്ടതിന് കാലിഫോർണിയയിയിലെ ഇന്ത്യൻ വംശജനായ 74കാരൻ മരുമകളെ വെടിവച്ച് കൊലപ്പെടുത്തി. സിതാൽ സിങ് ദോസാഞ്ച് ആണ് മരുമകൾ ഗുർപ്രീത് കൗർ ദോസഞ്ചിനെ ജോലി സ്ഥലത്തെത്തി കൊലപ്പെടുത്തിയത്. സിതാൽ സിങ്ങിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് .22 കാലിബർ ബെറെറ്റ പിസ്റ്റൾ പിടിച്ചെടുത്തിട്ടുണ്ട്.

വാൾമാർട്ടിലെ സൗത്ത് സാൻ ജോസ് പാർക്കിംഗ് ലോട്ടിൽ വെച്ചാണ് സംഭവം. യുവതി അമ്മാവനുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ സിതാൽ സിങ് തന്നെ പിന്തുടർന്ന് വാൾമാർട്ടിലെത്തിയിട്ടുണ്ടെന്നും തനിക്ക് ഭയമുണ്ടെന്നും പറഞ്ഞിരുന്നു. മണിക്കൂറുകൾക്ക് ശേഷം യുവതിയുടെ മരണവാർത്തയാണ് അറിഞ്ഞതെന്ന് അമ്മാവൻ പൊലീസിന് മൊഴി നൽകി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചപ്പോൾ സിതാൽ സിങ്ങിന്റെ വാഹനം സാൻ ജോസ് പാർക്കിംഗ് ലോട്ടിലെ ഗുർപ്രീതിന്റെ വാഹനത്തിനു സമീപത്തേക്ക് വരുന്നതും തിരിച്ചുപോകുന്നതും കണ്ടെത്തി.

വാൾമാർട്ടിലെ ഗുർപ്രതീന്റെ സഹപ്രവർത്തകയാണ് ഇവരെ സ്വന്തം വാഹനത്തിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സിതാൽ സിങ്ങിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.