കൊല്ലം: യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭർതൃവീട്ടുകാരുടെ പീഡനം. വീട്ടുകാർ ഗേറ്റ് പൂട്ടിയതിനെ തുടർന്ന് യുവതിക്കും കുഞ്ഞിനും രാത്രി മുഴുവന്‍ വീടിന് പുറത്ത് കിടക്കേണ്ടി വന്നു.  കൊല്ലം കൊട്ടിയത്താണ് സംഭവം. തഴുത്തല സ്വദേശിനി അതുല്യയ്ക്കും മകനുമാണ് ഈ ദുരനുഭവമുണ്ടായത്. 

സ്‌കൂളില്‍ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടി പുറത്താക്കിയത്. സ്‌കൂളിൽ പോയ 5 വയസ്സുക്കാരന്‍ യുണീഫോം പോലും മാറാതെയാണ് വീട്ടുപടിക്കൽ നിന്നത്. വിവാഹം കഴിഞ്ഞ നാൾ മുതൽ പീഡനം സഹിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുപോയി, വണ്ടി നൽകിയില്ല എന്നെല്ലാം പറഞ്ഞ് എല്ലാ ദിവസവും പരാതിയാണെന്നും അതുല്യ പറയുന്നു. അതുല്യക്കും കുട്ടിക്കും നേരിട്ട ദുരനുഭവത്തിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ രാത്രി 11:30 വരെ ഗെയിറ്റിന് മുന്നിൽ ഇരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ അകത്തുകടന്ന് വീടിന്‍റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു എന്നും അതുല്യ പറഞ്ഞു. 

അതേസമയം അടുത്തുള്ള കൊട്ടിയം സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും ഇടപെടാന്‍ പൊലീസ് തയാറായില്ല. അതുല്യ വീട്ടില്‍ നിന്നും ഇറക്കി വിട്ടുവെന്ന് ഭര്‍തൃമാതാവ് പരാതി നല്‍കിയിരുന്നു. ഇതുമൂലം അതുല്യയുടെ ഭര്‍തൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളത് കൊണ്ടാണ് വിഷയത്തില്‍ ഇടപെടാതിരുന്നതെന്നും പൊലീസ് പറയുന്നു.