കൊച്ചി:പന്തല്‍ പൊളിക്കില്ലെന്ന് സമര സമിതി, പൊതുവഴി തടസ്സപ്പെടുത്തിയിട്ടില്ലെന്നും സമരപ്പന്തല്‍ പൊളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഫാ.യൂജിന്‍ പെരേര പറഞ്ഞു.വിഴിഞ്ഞം സമര പന്തല്‍ ഉടന്‍ പൊളിച്ചുമാറ്റണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് പ്രതികരണവുമായി സമരക്കാര്‍ രംഗത്തെത്തിയത്.

തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പിലാക്കിയില്ലെന്നാരോപിച്ചാണ് അദാനി ഗ്രുപ്പ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്, അത് തീര്‍പ്പുകല്‍പ്പിച്ചുള്ള നിര്‍ദേശമാണ് കോടതി നല്‍കിയിരിക്കുന്നത്.ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും സമരം നയിക്കുന്ന വൈദികര്‍ക്കെതിരെയും നടപടി വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്,ഹോവെ എന്‍ജിനീയറിംഗ് പ്രൊജക്ടസ് എന്നീ കമ്പനികളാണ് ഹര്‍ജി നല്‍കിയത്.കരാര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പദ്ധതി മേഖലയിലേക്കു അതിക്രമിച്ചു കടക്കാന്‍ അനുവദിക്കാതെ പ്രതിഷേധം സമാധാനപരമായി തുടരാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇത് സര്‍ക്കാരും പൊലീസും പാലിച്ചില്ലെന്നാരോപിച്ചാണ് അദാനി കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്.