കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ നടത്തുന്ന സമരപ്പന്തല്‍ ഉടന്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഗെയ്റ്റിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് ഹര്‍ജി നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ പോലീസ് നിസ്സഹായാരെന്നു അദാനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും

അതേസമയം പന്തല്‍ പൊളിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് സമര സമിതി അറിയിച്ചത്. പൊതുവഴി തടസ്സപ്പെടുത്തിയല്ല പന്തല്‍ നിര്‍മിച്ചിരിക്കുന്നതെന്നും ഫാദര്‍ യുജിന്‍ പെരേര പ്രതികരിച്ചു. തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തരുതെന്ന് നേരത്തെ തന്നെ ഹൈക്കോടതി സമരക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് വീണ്ടും കോടതിയെ സമീപിച്ചത്. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് അടക്കമുള്ളവര്‍ എതിര്‍ കക്ഷികളാണ്.