കൊല്ലം: ചടയമംഗലത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി ശാലിനിയും ഇവരുടെ കുഞ്ഞുമാണ് മരിച്ചത്. സ്വന്തം വീട്ടിൽവെച്ചുള്ള പ്രസവത്തിനിടെയായിരുന്നു മരണം. ഇന്നലെ അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു പ്രസവം.

ശാലിനിയുടെ ഭർത്താവും മറ്റൊരു മകനും ചേർന്ന് പ്രസവം എടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ ശാലിനിയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം ശാലിനി ഗർഭിണിയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. 

ഇന്നലെ രാത്രിയോടെ ശാലിനിയ്ക്ക് പ്രസവ വേദന തുടങ്ങിയിരുന്നു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവ് തയ്യാറായില്ല. ഭർത്താവും മകനും ചേർന്ന് പ്രസവമെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ വിവരമറിഞ്ഞതോടെ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിക്കുന്നത്. നേരത്തെ രണ്ട് തവണ ശാലിനി വീട്ടിൽ വെച്ച് പ്രസവിച്ചെന്നും കുഞ്ഞ് മരിച്ചുവെന്നുമുള്ള സൂചനയും പോലീസ് നൽകുന്നുണ്ട്.