ജാര്‍ഖണ്ഡ്: വിവാഹാഭ്യര്‍ത്ഥന  നിരസിച്ചതിന് ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടിയെ തീകൊളുത്തി. 
ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. സംഭവത്തില്‍ രാജേഷ് റാവുത്ത് എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാല്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി. ഇരയുടെ ചികിത്സയ്ക്കായി ജില്ലാ ഭരണകൂടം ഒരു ലക്ഷം രൂപയുടെ ചെക്ക് കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

പ്രതിയെ പെണ്‍കുട്ടിക്ക് പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു.’ദുംകയില്‍ ഒരു പെണ്‍കുട്ടിയെ തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിയെ പെണ്‍കുട്ടിക്ക് പരിചയമുണ്ടായിരുന്നു. പ്രതി നേരത്തെ തന്നെ വിവാഹിതനാണ്. എന്നിട്ടും ഇരയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല’. ജാര്‍മുണ്ടി ഡിഎസ്പി ശിവേന്ദര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ, തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍, കത്തിച്ച് കൊല്ലുമെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
‘ജാര്‍ഖണ്ഡിലെ ക്രമസമാധാന നില ദയനീയമാണ്, ഭരണകൂടം എന്തെങ്കിലും ചെയ്യണം, സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ പ്രാധാന്യം നല്‍കണമെന്ന്’ സംഭവത്തോട് പ്രതികരിച്ച് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു.