ന്യൂഡൽഹി: ലോകബാങ്ക് ഈ സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക് 6.5 ശതമാനമായി കുറച്ചു. ഇതിനൊപ്പം വൻ സാമ്പത്തിക-ഭരണ പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയുടെ വളർച്ചാ നിരക്കിൽ 9.5 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു. തെക്കനേഷ്യയിൽ നിലനിൽക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയാണ്‌ നിലവിലെ പ്രതിസന്ധിക്ക് കാരണമായി ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നത്. 

നിയന്ത്രണമില്ലാത്ത വിലക്കയറ്റവും, വായ്‌പാ തിരിച്ചടവിലെ കാലതാമസവും ഇടിവിന് ആക്കം കൂട്ടിയെന്നാണ് സൂചന. ഇന്ത്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ് എന്നിവ ഉൾപ്പെടുന്ന മേഖലയുടെ ജൂണിലെ പ്രതീക്ഷിത വളർച്ചാ നിരക്ക് നേരത്തെ 6.8 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി കുറച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.5ൽ നിന്നും 6.5 ശതമാനമായി കുറച്ചത്. യുക്രൈൻ-റഷ്യ യുദ്ധവും കോവിഡ് വ്യാപനവും റിപ്പോർട്ടിൽ ലോകബാങ്ക് ഉദ്ധരിച്ചിട്ടുണ്ട്. മേഖലയിലെ പണപ്പെരുപ്പം ഈ വർഷം 9.2 ശതമാനമായി ഉയരുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിൽ നൽകിയിരിക്കുന്നു.