തിരുപ്പൂര്‍: തമിഴ്നാട് തിരുപ്പൂരില്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചു. 11 കുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐസിയു).  ശിശു സംരക്ഷണ കേന്ദ്രമായ വിവേകാനന്ദ സേവാലയത്തില്‍ താമസിക്കുന്ന കുട്ടികളെയാണ് ബുധനാഴ്ച രാത്രി ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളുടെ നില വഷളായതോടെ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച രാത്രി കുട്ടികള്‍ രസം ചോറ് കഴിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, 14 കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി, കുറച്ചുപേര്‍ ബോധരഹിതരായി. ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പിന്നീട് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു, അവിടെവെച്ചാണ് മൂന്ന് പേര്‍ മരിച്ചത്. 

വിവേകാനന്ദ സേവാലയം അംഗീകൃത ശിശു സംരക്ഷണ കേന്ദ്രമാണെന്നും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും തിരുപ്പൂര്‍ കളക്ടര്‍ വിനീത് പറഞ്ഞു. മൂന്ന് പേര്‍ ഐസിയുവിലാണ്. പോലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും റവന്യൂ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.