ന്യൂഡല്‍ഹി: പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ പോകുന്നതെങ്ങനെയെന്നും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വാഗ്ദാനങ്ങള്‍ നടപ്പാക്കല്‍ സംബന്ധിച്ച കൃത്യമായവിവരം വോട്ടര്‍മാര്‍ക്ക് ലഭിക്കുന്നതരത്തില്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനാണ് നീക്കം.

ഇക്കാര്യത്തില്‍ ഈമാസം 18-നകം നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ട് പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കത്തുനല്‍കി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ സൗജന്യവാഗ്ദാനങ്ങള്‍ നല്‍കുന്ന വിഷയം ഏറെ ചര്‍ച്ചയാവുകയും ഇത് നിയന്ത്രിക്കാനാകുമോയെന്ന് സുപ്രീംകോടതി പരിശോധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്മിഷന്റെ നടപടി. വാഗ്ദാനം നടപ്പാക്കുന്നത് സര്‍ക്കാരിന്റെ നയമാണെന്നതിനാല്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്നാണ് കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചത്. പുതിയ നീക്കത്തെ കമ്മിഷന്റെ നിലപാടുമാറ്റമായി വേണം കാണാന്‍. കമ്മിഷന്റെ ജോലി ഇതല്ലെന്നുകാട്ടി പ്രതിപക്ഷപാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ വാഗ്ദാനങ്ങളില്‍ ഇടപെടുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ജോലിയല്ലെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ വ്യക്തമാക്കി. വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ആര്‍.ജെ.ഡി., ഡി.എം.കെ., ശിവസേന തുടങ്ങിയ പാര്‍ട്ടികളും കമ്മിഷന്റെ നീക്കത്തെ വിമര്‍ശിച്ചു. ഇത്തരം നിര്‍ദേശം നല്‍കാന്‍ കമ്മിഷന് എന്തധികാരമാണുള്ളതെന്ന് ആര്‍.ജെ.ഡി. നേതാവ് മനോജ് ഝാ ചോദിച്ചു. കേന്ദ്രസര്‍ക്കാരിനുവേണ്ടി ഉത്തരവാദിത്വം മറികടക്കുന്ന പണിയാണ് കമ്മിഷന്‍ ചെയ്യുന്നതെന്ന് ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദിയും പറഞ്ഞു.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ സൗജന്യവാഗ്ദാനങ്ങള്‍ നിയന്ത്രിക്കാനാകുമോ എന്ന വിഷയം സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുന്നതിനായി നടത്തുന്ന സൗജന്യവാഗ്ദാനങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാന്‍ സാധിക്കും, നടപ്പാക്കാന്‍സാധിക്കുന്ന ഉത്തരവുകള്‍ ഈ വിഷയത്തില്‍ കോടതിക്ക് ഇറക്കാനാകുമോ, വിഷയം പരിശോധിക്കാന്‍ സമിതിയെ വെക്കുകയാണെങ്കില്‍ അതില്‍ ഉള്‍പ്പെടുത്തേണ്ടത് ആരെയെല്ലാമാണ് തുടങ്ങിയ വിഷയങ്ങളാണ് മൂന്നംഗ ബെഞ്ച് പരിഗണിക്കുക.

സൗജന്യവാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. ഇക്കാര്യം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതിയുണ്ടാക്കണമെന്ന താത്പര്യമാണ് സുപ്രീംകോടതി പ്രകടിപ്പിച്ചത്.