മുംബൈ: വിപണിയിൽ 80 കോടി രൂപ വിലവരുന്ന 16 കിലോ ഹെറോയിനുമായി മലയാളി പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസാണ് യാത്രക്കാരനെ പിടികൂടിയത്. ബിനു ജോണാണ് അറസ്റ്റിലായതെന്ന് ഡി.ആർ.ഐ അറിയിച്ചു.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡി.ആർ.ഐ ബിനു ജോണിനെ അറസ്റ്റ് ചെയ്തത്. ആദ്യം ബിനുജോണിന്റെ ലഗേജ് ഡി.ആർ.ഐ പരിശോധിക്കുകയായിരുന്നു. എന്നാൽ, ഇതിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ട്രോളി ബാഗിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

വിദേശപൗരനിൽ നിന്നാണ് താൻ മയക്കുമരുന്ന് വാങ്ങിയതെന്ന് ബിനു ജോൺ ഡി.ആർ.ഐക്ക് മൊഴി നൽകിയിട്ടുണ്ട്. 1000​ ഡോളർ ഇയാൾ ബിനുവിന് നൽകിയതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഡി.ആർ.ഐ അറിയിച്ചു.