മുംബൈ: മഹാരാഷ്ട്രയില്‍ ദസറ ദിനത്തില്‍ ഉദ്ധവ് താക്കറെ പക്ഷത്തിന് വന്‍ തിരിച്ചടി. ഉദ്ധവിന്റെ മൂത്ത സഹോദരന്‍ ജയ്ദേവ് താക്കറെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്‌ക്കൊപ്പം വേദി പങ്കിട്ടു. മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സ് (ബികെസി)  ഗ്രൗണ്ടില്‍ നടന്ന റാലിയിലാണ് ഷിന്‍ഡെയ്ക്ക് പിന്തുണയറിയിച്ച് സഹോദരന്‍ എത്തിയത്. 

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ എന്നും തന്റെ പ്രിയപ്പെട്ടവനാണെന്നും സംസ്ഥാനത്തെ പാവപ്പെട്ടവരെയും താഴെത്തട്ടിലുള്ളവരെയും കര്‍ഷകരെയും അദ്ദേഹം സഹായിക്കുകയാണെന്നും ജയ്‌ദേവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ‘എല്ലാവരും ഷിന്‍ഡെയ്ക്ക് പിന്നില്‍ ഉറച്ചു നില്‍ക്കണം. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന തന്റെ നല്ല പ്രവര്‍ത്തികള്‍ തുടരാന്‍ കഴിയും. സ്വന്തം ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ അദ്ദേഹത്തിന് നിരുപാധിക പിന്തുണ നല്‍കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയ്‌ദേവ് താക്കറെയുടെ മുന്‍ ഭാര്യ സ്മിതയും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവര്‍ക്കൊപ്പം ഉദ്ധവ് താക്കറെയുടെ അന്തരിച്ച മൂത്ത സഹോദരന്‍ ബിന്ദുമാധവ് താക്കറെയുടെ മകന്‍ നിഹാറുമുണ്ടായിരുന്നു.