പാലക്കാട്: വടക്കാഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. അഞ്ച് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് മരിച്ചത്. നാൽപ്പതിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏഴ് പേരുടെ നില അതീവ ഗുരുതരവുമാണ്. തൃശൂർ പാലക്കാട് ദേശീയ പാതയിൽ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. 

എൽന ജോസ്(15) ക്രിസ്‌വിന്റ്(15), ദിയ രാജേഷ്(15), അഞ്ജന അജിത്ത്(17), ഇമ്മാനുവൽ(17) എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. കൂടാതെ കായിക അദ്ധ്യാപകൻ വി.കെ വിഷ്ണു, കെഎസ്ആർടിസി യാത്രക്കാരായ ദീപു(24), അനൂപ്(24), രോഹിത് രാജ്(24) എന്നിവർക്കും ജീവൻ നഷ്ടമായി. ദേശീയ ബാസ്‌ക്കറ്റ് ബോൾ താരത്തിനും ജീവൻ നഷ്ടമായി.തൃശൂർ സ്വദേശി രോഹിത്ത് രാജ് ദേശീയ ബാസ്‌ക്കറ്റ് ബോൾ താരമാണ്. 

മൈനർ റോഡ് സ്വദേശി തെക്കൂട്ട് രവിയുടെ മകനാണ് രോഹിത്ത് രാജ്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു രോഹിത്ത്. അതേസമയം നാല് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായിട്ടുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പോസ്റ്റുമോർട്ടം. ഇന്നലെ രാത്രിയാണ് വാഹനാപകടം ഉണ്ടാകുന്നത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. 

വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് കെഎസ്ആർടിസി ബസിന് പുറകിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പത്താം ക്ലാസ്, പ്ലസ്ടൂ വിദ്യാർത്ഥികളാണ് ടൂറിസ്റ്റ്‌ ബസിലുണ്ടായിരുന്നത്. ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.