ഇന്ത്യന്‍ നിര്‍മ്മിത ജലദോഷ, ചുമ സിറപ്പുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു.ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികള്‍ മരിക്കാനിടയാകുകയും ഗുരുതരമായ വൃക്ക പ്രശ്‌നങ്ങളുണ്ടായതിന് ഈ മരുന്നുകളുമായി ബന്ധമുണ്ടെന്ന സാധ്യത കണക്കിലെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഗാംബിയയിലേക്ക് നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന ചുമ, ജലദോഷ സിറപ്പുകള്‍ക്കെതിരെ വിശദമായ അന്വേഷണത്തിന് സിഡിഎസ്സിഒ ഉത്തരവിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ച താല്‍ക്കാലിക ഫലങ്ങള്‍ അനുസരിച്ച്,പരിശോധിച്ച 23 സാമ്പിളുകളില്‍ നാല് സാമ്പിളുകളില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അല്ലെങ്കില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. മരുന്നുകളുടെ വിശകലന സര്‍ട്ടിഫിക്കറ്റ് ഉടന്‍ തന്നെ ലോകാരോഗ്യ സംഘടനയ്ക്ക് ലഭ്യമാക്കുമെന്നും അവരിത് ഇന്ത്യയുമായി പങ്കിടുമെന്ന് WHO അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.’ഇന്ത്യയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ചുമ, ജലദോഷം എന്നിവയുടെ സിറപ്പുകളാണ് നാല് മരുന്നുകളും. ഇന്ത്യയിലെ കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും WHO  കൂടുതല്‍ അന്വേഷണം നടത്തുന്നു,  WHO
ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഈ ഉല്‍പ്പന്നങ്ങള്‍ മൂലം ജീവന്‍ നഷ്ടമായത് അവരുടെ കുടുംബങ്ങളുടെ ഹൃദയം തകര്‍ക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്സ്മാലിന്‍ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയാണ് അപടകടകരമായ നാല് മരുന്നുകള്‍. ഈ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാവ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ഹരിയാന, ഇന്ത്യ, ഇതുവരെ, ഈ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് ഉറപ്പ് നല്‍കിയിട്ടില്ല’, WHO  പറഞ്ഞു.

മലിനമായ ഉല്‍പ്പന്നങ്ങള്‍ ഇതുവരെ ഗാംബിയയില്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെങ്കിലും അവ മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്തിരിക്കാമെന്ന് ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. രോഗികള്‍ക്ക് കൂടുതല്‍ ദോഷം ചെയ്യാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും ഈ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യാനും അവര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നാല് ഉല്‍പ്പന്നങ്ങളില്‍ ഓരോന്നിന്റെയും സാമ്പിളുകളുടെ ലബോറട്ടറി വിശകലനത്തില്‍ അവയില്‍ അസ്വീകാര്യമായ അളവില്‍ ഡൈതൈലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും ഉണ്ടെന്ന് സ്ഥിരീകരിക്കുന്നു.ഡൈതൈലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും മനുഷ്യ ശശീരത്തിന് അപകടമാണ്. വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്മ, തലവേദന, മാനസികാവസ്ഥയിലെ മാറ്റം, മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്ക തകരാറുകള്‍ എന്നിവ ഇവയുടെ ഫലങ്ങളില്‍ ഉള്‍പ്പെടാം. 

ഈ ഉല്‍പ്പന്നങ്ങളുടെ എല്ലാ ബാച്ചുകളും ബന്ധപ്പെട്ട ദേശീയ റെഗുലേറ്ററി അതോറിറ്റികള്‍ക്ക് വിശകലനം ചെയ്യുന്നതുവരെ സുരക്ഷിതമല്ലെന്ന് കണക്കാക്കണം. ഈ മുന്നറിയിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമല്ലെന്നും അവയുടെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളില്‍, ഗുരുതരമായ പരിക്കുകള്‍ക്കോ മരണത്തിനോ കാരണമായേക്കാമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.