ഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഒരു സ്വകാര്യ ബസ് ജീവനക്കാരന്‍റെ പേരില്‍ കെഎസ്ആര്‍ടിസി എം ഡിക്ക് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ്.  800 രൂപയും ചിലവും ദിവസക്കൂലി തന്നാല്‍ ഞങ്ങളോടിച്ചോളാം വണ്ടി എന്നും പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട എന്നും 5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം എന്നുമൊക്കെയായിരുന്നു സേവ് കെ.എസ്.ആര്‍.ടി.സി. എന്ന ഹാഷ്ടാഗോടെ ഒരു സ്വകാര്യ ബസ് ഡ്രൈവര്‍ എഴുതിയ ഈ തുറന്ന കത്തിലെ ഉള്ളടക്കം. ആയിരങ്ങളാണ് ഈ പോസ്റ്റ് പങ്കുവച്ചത്. 

എന്നാല്‍ ഈ പോസ്റ്റ് വൈറലായതോടെ ഇതിനുനുള്ള മറുപടിയുമായി എത്തി വൈറലായിരിക്കുകയാണ് മറ്റൊരു പോസ്റ്റ്. കെഎസ്ആര്‍ടിസി ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട വൈറലായ ഈ മറുപടി പോസ്റ്റ് ഇങ്ങനെ.

ഓണത്തിന് മുമ്പുള്ള രണ്ട് മാസം സാലറി പോലമില്ലാതെയാണ് ഇവിടെ എല്ലാ ജീവനക്കാരും ജോലി ചെയ്തത്. അന്ന് ഈ പറയുന്ന ജീവനക്കാരുടെ കുടുംബങ്ങളും വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. എന്താ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും കുടുംബക്കാരും മനുഷ്യരല്ലേ? പ്രൈവറ്റ് ബസ് ഡ്രൈവര്‍ പറഞ്ഞ കണക്ക് വെച്ച് നോക്കിയാല്‍ ഈ പറയുന്ന 800 രൂപയും ചെലവും പിന്നെ പറയുന്ന ബത്തയും കൂട്ടിയാല്‍ കിട്ടുന്ന തുകയുടെ 80 ശതമാനം പോലും പല ജീവനക്കാര്‍ക്കും ശമ്പളമായി കിട്ടുന്നില്ല.

17,500 രൂപ കളക്ഷന്‍ ഉള്ള ഒരു ബസിന് 800 രൂപ ശമ്പളവും 5000 രൂപ കഴിഞ്ഞുള്ള 12,500 രൂപയുടെ ബത്ത 625 രൂപയും കൂട്ടിയാല്‍ 1425 രൂപ ശമ്പളം കിട്ടും. ഇവിടുത്തെ പല കണ്ടക്ടര്‍മാര്‍ക്കും ശമ്പളം 20,000 രൂപയിലും താഴെയാണ്. 1425 രൂപ വെച്ച് 30 ദിവസത്തേക്ക് 42,750 രൂപ കിട്ടും. ഡ്രൈവറുടെ ശമ്പളം പോലും 30,000 രൂപയോളമാണ്. പിന്നെ പണ്ടത്തെ പോലെ ഇപ്പോള്‍ പെന്‍ഷന്‍ ഇല്ല എന്ന കാര്യമൊന്നും ഈ പോസ്റ്റ് മുതലാളി അറിഞ്ഞിരിക്കാന്‍ ഇടയില്ല.

ഈ പറഞ്ഞതലും താഴെയാണ് കെഎസ്ആര്‍ടിസിയിലെ മറ്റ് പല ജീവനക്കാരുടെയും ശമ്പളം. ഇത് സേവ് കെ.എസ്.ആര്‍.ടി.സി. അല്ല, കെ.എസ്.ആര്‍.ടി.സിയെ ഇല്ലാതാക്കാനാണ്. പിന്നെ ഈ പോസ്റ്റിട്ട വ്യക്തി കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിലേക്ക് ആളെ വിളിച്ചത് അറിഞ്ഞില്ലേ. എന്നാണ് സ്വകാര്യ ബസ് ഡ്രൈവറിന്റെ കുറിപ്പിന് മറുപടിയായി വന്നിട്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നവരെയും ഈ കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്.