ശ്രീനഗർ: ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്‍റുമായ മെഹബൂബ മുഫ്തി വീട്ടുതടങ്കലിലെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കാഷ്മീർ സന്ദർശനത്തിനിടെയാണ് ആരോപണവുമായി മുഫ്തി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

പാർട്ടി പ്രവർത്തകന്‍റെ വിവാഹത്തിന് പട്ടാൻ സന്ദർശിക്കാനിരിക്കെയാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് മുഫ്തി ട്വിറ്ററിൽ ആരോപിച്ചു. ഒരു മുൻ മുഖ്യമന്ത്രിയുടെ മൗലികാവകാശങ്ങൾ വളരെ എളുപ്പത്തിൽ റദ്ദാക്കാൻ കഴിയുമെങ്കിൽ, ഒരു സാധാരണക്കാരന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന് മുഫ്തി ചോദിക്കുന്നു.

അതേസമയം, അമിത്ഷായുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ശ്രീനഗർ പോലീസ് അറിയിച്ചു. എന്നാൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രജൗരിയിലും ജമ്മുവിലെ ചില സ്ഥലങ്ങളിലും ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.