കശ്മീർ: തീവ്രവാദം കാരണം ജമ്മു കശ്മീരിൽ 42,000 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഹർത്താൽ ആഹ്വാനം ചെയ്യാനോ സുര‍ക്ഷ സേനക്ക് നേരെ കല്ലെറിയാനോ ആരും ധൈര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘42,000 ആളുകൾക്ക് ജമ്മു കശ്മീരിൽ തീവ്രവാദം കാരണം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. സർക്കാറിൽ ഇരുന്നുകൊണ്ട് തീവ്രവാദത്തെ പിന്തുണച്ചവരെ തിരിച്ചറിയുകയും അവർക്ക് എതിരെ നടപടികൾ എടുക്കുകയും ചെയ്തിട്ടുണ്ട്.’ -അമിത് ഷാ പറഞ്ഞു. തീവ്രവാദവും അഴിമതിയും ഇല്ലാതാക്കി എല്ലാമേഖലകളിലും വികസനം കൊണ്ടുവരാനും രാജ്യത്ത് ജമ്മു കശ്മീരിനെ ഒന്നാമതെത്തിക്കാനുമാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിന്‍റെ പിന്നാക്കാവസ്ഥക്ക് കാരണം മൂന്ന് രാഷ്ട്രീയപാർട്ടികളാണെന്ന് ആരോപിച്ച ആഭ്യന്തര മന്ത്രി, ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്തതോടെ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. 2019ന് ശേഷം 56,000 കോടി രൂപയുടെ നിക്ഷേപം ജമ്മു കശ്മീരിലേക്ക് എത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.