ന്യൂഡൽഹി: തവാങ്ങിൽ സൈനിക ഹെലികോപ്ടർ തകർന്നുവീണ് പൈലറ്റ് മരിച്ചു. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്ടറാണ് തകർന്നു വീണത്. തവാങ്ങിൽ ബുധനാഴ്ച രാവിലെ 10 മണിയോടെ പതിവ് പറക്കലിനിടെയായിരുന്നു അപകടം.

രണ്ട് പൈലറ്റുമാരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടൻ രണ്ട് പേരെയും സൈനിക ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സക്കിടെ ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവ് അന്തരിച്ചുവെന്ന് സൈന്യം അറിയിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റൊരു പൈലറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോൾ പറയാനാവില്ല. വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്നും അന്വേഷണം നടക്കുന്നുവെന്നും സൈന്യം അറിയിച്ചു.