വാഷിങ്ടൺ: ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടിവ് ബോർഡിൽ യു.എസ് പ്രതിനിധിയായി ഇന്ത്യൻ വംശജനായ ഡോക്ടർ വിവേക് മൂർത്തിയെ പ്രസിഡന്‍റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. യു.എസിൽ ജനറൽ സർജനായി പ്രവർത്തിക്കുന്നതിനിടയിലാണ് 45കാരനായ മൂർത്തിക്ക് പുതിയ ചുമതല നൽകുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മുൻ പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ കാലത്ത് 19ാമത് ജനറൽ സർജനായി ഡോ. മൂർത്തി പ്രവർത്തിച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ ഡോക്ടര്‍ എന്ന നിലയിൽ വ്യക്തവും നീതിയുക്തവുമായ മാർഗ നിർദേശങ്ങൾ നൽകലും ലഭ്യമാകുന്ന ഏറ്റവും നല്ല ശാസ്ത്രീയ വിവരങ്ങൾ ജനങ്ങളെ അറിയിക്കലുമാണ് ജനറൽ സർജന്‍റെ ദൗത്യം.

ജനറൽ സർജനായ ആദ്യ ഇന്ത്യൻ വശജനാണ് ഡോ. വിവേക് മൂർത്തി. ഹാർവാർഡ്, യേൽ സ്കൂൾ ഓഫ് മെഡിസിൻ, യേൽ സ്കൂൾ ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. പ്രശസ്ത ഫിസിഷ്യനും ഗവേഷക ശാസ്ത്രജ്ഞനും സംരംഭകനും എഴുത്തുകാരനുമാണ്. ഭാര്യ: ഡോ. ആലിസ് ചെൻ.