പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡോക്ടര്‍മാര്‍ അറസ്റ്റില്‍മൂന്ന് ഡോക്ടര്‍മാര്‍ക്കും പിഴവുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. അറസ്റ്റിലായ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ  നവജാത ശിശുവും മരിച്ചത്. 

സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സുഖ പ്രസവമായിരിക്കുമെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നീട് സ്‌കാനിങ്ങില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിസേറിയന്‍ നടത്തുകയായിരുന്നു. സിസേറിയന്‍ ആണെന്നകാര്യം അധികൃതര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്നും പിന്നീട് യുവതിക്ക് ബ്ലീഡിങ്ങ് നില്‍ക്കുന്നില്ലെന്നും കുഞ്ഞ് മരിച്ചെന്നും ഡോക്ടര്‍ അറിയിക്കുകയായിരുന്നെന്നും ഐശ്വര്യയുടെ ബന്ധുക്കള്‍ പറഞ്ഞു.

വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭ‍ര്‍ത്താവ് ആരോപിച്ചിരുന്നു. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവ്വം ഒപ്പു വാങ്ങി.

ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രവം എന്ന് പറയുന്നതെന്നും കുടുംബം ചോദിക്കുന്നു.