ടോക്കിയോ: ജാപ്പാന് നേരെ ഉത്തര കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മറുപടിയുമായി അമേരിക്കയും ദക്ഷിണ കൊറിയയും. ഇരുരാജ്യങ്ങളും ജപ്പാൻ കടലിലേക്ക് നാല് സർഫസ് ടു സർഫസ് മിസൈലുകൾ പ്രയോഗിച്ചു. ഇതിന് പിന്നാലെ യെല്ലോ സീയിൽ സഖ്യസേനയുടെ ബോംബർ വിമാനങ്ങളുടെ പരിശീലനവും ഉണ്ടായി. 

അഞ്ച് വർഷത്തിനിടെ ആദ്യമായി ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിന് മറുപടിയായാണ് വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ദക്ഷിണ കൊറിയയും അമേരിക്കയും രണ്ട് ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റം (എടിഎസിഎംഎസ്) മിസൈലുകൾ വീതമാണ് തൊടുത്തുവിട്ടത്, അത് മോക്ക് ടാർഗെറ്റുകളെ തകർത്തതായി ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.

ചൊവ്വാഴ്ച, ദക്ഷിണ കൊറിയയുടെയും യുഎസിന്റെയും യുദ്ധവിമാനങ്ങൾ യെല്ലോ സീയുടെ ലക്ഷ്യസ്ഥാനത്ത് ബോംബിംഗ് അഭ്യാസം നടത്തിയിരുന്നു. ഉത്തര കൊറിയ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട മിസൈൽ പരീക്ഷണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അമേരിക്കൽ പ്രദേശമായ ഗുവാമിൽ എത്താൻ ശേഷിയുള്ള ഹ്വാസോങ്-12 മിസൈലാണ് ഉത്തരകൊറിയ തൊടുത്തുവിട്ടത്. 

വിക്ഷേപണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ദക്ഷിണ കൊറിയയും ജപ്പാനും സുരക്ഷാ യോഗങ്ങൾ വിളിച്ചിട്ടുണ്ട്. മേഖലയിലെ ട്രെയിൻ സർവ്വീസുകള് അടക്കം റദ്ദാക്കിയിട്ടുണ്ട്. ഉത്തരകൊറിയയിൽ നിന്ന് തൊടുത്ത മിസൈൽ ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തിൽ പതിച്ചതായി കരുതുന്നതായി ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.  2017ൽ ഉത്തരകൊറിയ ജപ്പാന് മുകളിലൂടെ ഹ്വാസോങ്-12 മിസൈൽ വിക്ഷേപിച്ചിരുന്നു.