തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എറണാകുളത്ത് പോലീസുകാരന് സസ്‌പെന്‍ഷന്‍. എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. സിവില്‍ പോലീസ് ഓഫീസറാണ് സിയാദ്.

ഹര്‍ത്താല്‍ അക്രമക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്ത് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ അനസ് പി കെ എന്ന സിവില്‍ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ സമാന ആരോപണത്തെത്തുടര്‍ന്ന് എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

അതേസമയം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 49 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2390 ആയി. ഇതുവരെ 358 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.