ർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡീസിനോട് പ്രദേശിക വാഹന നിർമാണം വർധിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. പ്രദേശികമായി വാഹനം ഉത്പാദിപ്പിക്കാൻ തുടങ്ങുന്നതോടെ കുറഞ്ഞ വിലയിൽ വാഹനം വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്നും അതുവഴി കൂടുതൽ ആളുകൾക്ക് മെഴ്സിഡീസ് വാഹനങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്നും മന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു.

ഞങ്ങൾ ഇടത്തരക്കാരാണ്, എനിക്ക് പോലും മെഴ്സിഡീസിന്റെ വാഹനം താങ്ങാൻ സാധിക്കുന്നില്ല. നിങ്ങൾ ഇന്ത്യയിൽ നിന്നുള്ള ഉത്പാദനം വർധിപ്പിച്ചാൽ മാത്രമേ നിർമാണ ചെലവ് കുറയ്ക്കാൻ സാധിക്കൂ. പ്രദേശികമായി നിർമിച്ചാൽ ഇടത്തരക്കാർക്കും മെഴ്സിഡീസ് വാഹനം പ്രാപ്യമാകുമെന്നാണ് മന്ത്രി പറഞ്ഞത്. മെഴ്സിഡീസ് ആദ്യമായി ഇന്ത്യയിൽ അസംബിൾ ചെയ്ത ഇലക്ട്രിക് വാഹനം EQS580 അവതരിപ്പിക്കൽ ചടങ്ങിലാണ് മന്ത്രി തന്റെ അഭിപ്രായം അറിയിച്ചത്. 

2020 ഒക്ടോബറിലാണ് മെഴ്സിഡീസിന്റെ ആദ്യ ഇലക്ട്രിക് മോഡലാണ് EQC ഇന്ത്യയിൽ അവതരിപ്പിച്ചത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ അവതരിപ്പിച്ച ഈ വാഹനത്തിന് 1.07 കോടി രൂപയായിരുന്നു എക്സ്ഷോറൂം വില. ഇതിനുശേഷം EQS53 എ.എം.ജി. ഇലക്ട്രിക്കും ഇന്ത്യയിൽ എത്തിച്ചിരുന്നു. ഏറ്റവുമൊടുവിലായി ഇലക്ട്രിക് വാഹനനിരയിൽ കൂട്ടിച്ചേർക്കപ്പെട്ട വാഹനമാണ് EQS 580 എന്ന മോഡൽ. പൂണെയിലെ ചകാനിലാണ് വാഹനം പുറത്തിറക്കിയത്.

ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ കുതിപ്പാണ് ഇന്ത്യയിൽ ഉണ്ടാകുന്നത്. രാജ്യത്ത് ഇതിനോടകം 15.7 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയിൽ 335 ശതമാനത്തിന്റെ വളർച്ചയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 7.8 ലക്ഷം കോടി രൂപയുടെ ഇന്ത്യയിലെ വാഹന വിപണിയുടെ മൂല്യം. ഇതിൽ തന്നെ 3.5 ലക്ഷം കോടി കയറ്റുമതിയിലൂടെയാണ്. വാഹന വിപണി 15 ലക്ഷം കോടിയുടെ വ്യവസായമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.