ലഖ്നോ: ശമ്പളം എത്രയാണെന്ന ചോദ്യത്തിന് മറുപടി പറയാൻ മടിക്കുന്നവരാണ് പൊതുവെ പുരുഷന്മാർ. ഇക്കാര്യം ഭാര്യയാണ് ചോദിക്കുന്നതെങ്കിൽ ഉത്തരം കുറച്ച് കൂടി വൈകും. എന്നാൽ, ഭർത്താവിന്‍റെ ശമ്പളം എത്രയാണെന്ന് കണ്ടെത്താൻ ഒരു ഭാര്യ നടത്തിയ ‘പോരാട്ട’ത്തിന്‍റെ കൗതുകരമായ വാർത്തയാണ് യു.പിയിൽനിന്ന് പുറത്ത് വരുന്നത്. ഭർത്താവിന്‍റെ ശമ്പളം വിവരാവകാശത്തിലൂടെ അറിഞ്ഞിരിക്കുകയാണ് ബറേയിലിയിലെ സഞ്ജു ​ഗുപ്തയെന്ന യുവതി.

ആദായനികുതി ഓഫിസിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (സി‌.പി‌.ഐ‌.ഒ)ക്കാണ് യുവതി ആദ്യം അപേക്ഷ സമർപ്പിച്ചത്. എന്നാൽ, ഭർത്താവിന്‍റെ സമ്മതമില്ലാതെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് പറഞ്ഞ് സി‌.പി‌.ഐ‌.ഒ അപേക്ഷ നിരസിക്കുകയായിരുന്നു. ആദ്യശ്രമം പാഴായെങ്കിലും പിന്മാറാൻ അവർ തയാറായില്ല. അപേക്ഷയുമായി പിന്നീടവർ എത്തിയത് കേന്ദ്ര വിവരാവകാശ കമീഷന് മുന്നിലാണ്. 

അപേക്ഷ പരി​ഗണിച്ച കമീഷൻ, സുപ്രീംകോടതിയുടെയും ഹൈകോടതികളുടെയും മുൻകാല ഉത്തരവുകളും വിധികളും പരിശോധിച്ച് യുവതിക്ക് അനുകൂല വിധി പറഞ്ഞു. ‘രസീത് ലഭിച്ച് 15 ദിവസത്തിനകം ഭർത്താവിന്‍റെ അറ്റ നികുതി വരുമാനം/മൊത്ത വരുമാന വിശദാംശങ്ങൾ ഭാര്യക്ക് നൽകണം’ എന്നാണ് സി‌.പി‌.ഐ‌.ഒയോട് കമീഷൻ നിർദേശിച്ചത്. ഭർത്താവിന്‍റെ ശമ്പളം എത്രയാണെന്ന് അറിഞ്ഞ സന്തോഷത്തിലാണ് ഭാര്യ.